SignIn
Kerala Kaumudi Online
Sunday, 26 July 2026 4.39 AM IST

ഭരിക്കുന്നവർക്ക്  ഒരു  പാഠമാകട്ടെ...

1

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. സത്യത്തിൽ ആ വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി. ജനങ്ങൾ പ്രതീക്ഷിക്കുന്ന വിധമല്ലല്ലോ പൊതുവേ കാര്യങ്ങൾ നടക്കുക. സാധാരണ ഗതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു നോട്ടം മതി ഇത്തരക്കാർ രാജിവച്ച് കെട്ടും ഭാണ്ഡവുമായി മടങ്ങാൻ. ഇപ്പോൾ രാജിവച്ചത് മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ്. വേറെന്തു വഴിയാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. എന്തായാലും നന്നായി.

ഒരു രാജ്യത്തിന്റെ ഭാവി അവിടത്തെ വിദ്യാ‌ർത്ഥികളിലാണ്. ഇത് എല്ലാ ഭരണാധികാരികളും പറയും.പക്ഷേ,​ കാര്യങ്ങളോട് അടുക്കുമ്പോൾ അത് വെറും പറച്ചിൽ മാത്രമായി മാറാറുണ്ട്. കേരളത്തിൽതന്നെ പി.എസ്.സി പരീക്ഷകളിൽ നടന്ന അഴിമതിയും സ്വജനപക്ഷപാതവും നാറ്റക്കേസ് ആയിരുന്നില്ലേ? ഉറക്കമിളച്ച് പഠിച്ച് പരീക്ഷ എഴുതുന്നവർ പിന്നിൽ പോവുകയും ഭരിക്കുന്നവരുടെ സ്വാധീനത്താൽ ചോദ്യപേപ്പർ സംഘടിപ്പിക്കുന്ന കുബുദ്ധികൾ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്യുന്ന ലജ്ജാകരമായ കാഴ്ച നമ്മുടെ കേരളത്തിലും കാണേണ്ടിവന്നു. പി.എസ്.സിയുടെ പല 'കഥ'കളും ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു.

നീറ്റ് യു.ജി പരീക്ഷ ലക്ഷങ്ങളാണ് എഴുതിയത്. ആ ചോദ്യപേപ്പർ ചോർന്നപ്പോൾ നന്നായി പഠിച്ച, കഠിനാദ്ധ്വാനം ചെയ്ത എത്ര കുഞ്ഞുങ്ങളാണ് സമ്മർദ്ദത്തിലായത്. ഇരുപതോളംപേർ ജീവനൊടുക്കിയെന്നാണ് കേട്ടത്. ചിലപ്പോൾ അതിലും കൂടുതൽ ഉണ്ടാകാം. ആ കുട്ടികളുടെ കുടുംബങ്ങൾ ഏറെ കഷ്ടപ്പെട്ടായിരിക്കും മക്കളെ പഠിപ്പിച്ചത്. നല്ലൊരു ഭാവി സ്വപ്നം കണ്ട അവരുടെ പ്രതീക്ഷകളെല്ലാം വിഫലമായി. വിലമതിക്കാനാവാത്ത നഷ്ടമാണ്

ആ കുടുംബങ്ങൾക്ക് സംഭവിച്ചത്. അതിനെത്ര നഷ്ടപരിഹാരം നൽകിയാലും മതിയാവുകയില്ല.

ഭരിക്കുന്നവരോടായി ഒരു കാര്യം പറയട്ടെ. ഡൽഹി ഒരു ശ്മശാന ഭൂമി കൂടിയാണ്. ചരിത്രാതീതകാലം മുതൽ ഒരാളും സ്ഥിരമായി വാഴാത്ത ഭൂമിയാണ് ഡൽഹി. ഇന്ന് ഡൽഹി ഭരിക്കുന്നവർ അതോർക്കണം. ചരിത്രാതീത കാലത്ത് ഏതെല്ലാം വംശങ്ങൾ ഉണ്ടായി. അതെല്ലാം കടപുഴകിയില്ലേ. മുഗളൻമാർ വന്നു, ഈസ്റ്റ് ഇന്ത്യാകമ്പനി വന്നു- അതിലൂടെ ബ്രിട്ടീഷ് ഭരണം വന്നു. ഏറെക്കാലം അവർ ഇന്ത്യ അടക്കി വാണില്ലേ. ഒടുവിൽ അവരും വീണു. ഒന്നും ഒരിക്കലും ശാശ്വതമല്ല. അത് എപ്പോഴും ഭരണാധികാരികൾ ഓർമ്മിക്കണം. ആരു ഭരിച്ചാലും അത് ബാധകമാണ്.

വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് സ്വാതന്ത്ര്യത്തിന്റെ കൊടുങ്കാറ്റാകാൻ കഴിയും. അത് ലോകത്തെമ്പാടും അങ്ങനെ തന്നെയാണ്. ഏഷ്യയിലായാലും യൂറോപ്പിലായാലും എത്രയെത്ര മുൻ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. കോക്രോച്ച് ജനതാപാർട്ടി മുന്നോട്ടുവച്ച ആവശ്യങ്ങൾ തികച്ചും ന്യായമായിരുന്നു. അവർ ഒരു അന്യായവും പറഞ്ഞില്ല. അവരെ കേൾക്കാൻ വൈകിയാണെങ്കിലും ഭരണാധികാരികൾ തയ്യാറായി. ഞാൻ സൂചിപ്പിച്ചതുപോല അവർക്കു വേറെ വഴിയില്ലായിരുന്നു.ഇത് അവർക്കൊരു പാഠമായി മാറട്ടെ.

ഈ സമരത്തിന്റെ വിജയം രാജ്യത്തെ വിദ്യാർത്ഥികളെ ബാധിക്കുന്ന എല്ലാ പരീക്ഷാ സമ്പ്രദായങ്ങളും തെറ്റുകൾ കൂടാതെ, മികവുറ്റ രീതിയിൽ നടത്താനുള്ള പ്രചോദനമാകട്ടെ. അതിനുള്ള പുതുവഴി തുറക്കട്ടെ. നീതിയുക്തമായ സമരം നടത്തിയ എല്ലാ മിടുക്കൻമാർക്കും മിടുക്കികൾക്കും എന്റെ അഭിനന്ദനങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMANABHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION