ഡോ.എ.പി.ജെ അബ്ദുൽ കലാം...ജനങ്ങളുടെ ഹൃദയങ്ങളിൽ ഇന്നും ജ്വലിക്കുന്ന നക്ഷത്രമാണ്. ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായിരുന്ന അദ്ദേഹം വിടപറഞ്ഞിട്ട് 11 വർഷങ്ങളാവുമ്പോഴും ഓരോ ഭാരതീയന്റെയും മനസ്സിൽ പ്രചോദനത്തിന്റെ പ്രകാശ ഗോപുരമായി അദ്ദേഹം ജീവിക്കുന്നു. 2015 ജൂലൈ 27ന് ഷില്ലോങ് ഐ.ഐ.എമ്മിൽ വിദ്യാർത്ഥികളോട് സംവദിക്കുന്നതിനിടെയായിരുന്നു ആ മഹാനായ ശാസ്ത്രജ്ഞന്റെ അന്ത്യം. അവസാന ശ്വാസം വരെയും തനിക്ക് ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപനത്തിലും വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിലും അദ്ദേഹം മുഴുകിയിരുന്നു. യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുകയും ഒരു തലമുറയെ മുഴുവൻ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റേത്.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ സാമ്പത്തിക പരാധീനതകളോട് പൊരുതി വളർന്ന വ്യക്തിയാണ് അബ്ദുൽ കലാം. ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കളുടെ ജീവിത മന്ത്രമായി മാറി. തന്റെ ജീവിത കഥ വിവരിക്കുന്ന അഗ്നിച്ചിറകുകൾ എന്ന ആത്മകഥ കേവലം ഒരു പുസ്തകമല്ല, മറിച്ച് പ്രതിസന്ധികളെ അതിജീവിച്ച് വിജയത്തിലെത്താനുള്ള ഒരു പരിശീലന ഗ്രന്ഥമാണ്. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന് ശേഷം ഭാരതീയരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കൃതി അപൂർവ്വമാണ്. നിങ്ങൾക്ക് സൂര്യനെപ്പോലെ ജ്വലിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ എരിയേണ്ടതുണ്ട് എന്ന് കലാം എപ്പോഴും ഓർമ്മിപ്പിച്ചു.
ഒരു വ്യോമസേനാ പൈലറ്റാകാൻ ആഗ്രഹിച്ച് ആ അവസരം തലനാരിഴയ്ക്ക് നഷ്ടപ്പെട്ട കലാമിന്റെ തുടക്കം പ്രതിരോധ വകുപ്പിലെ സീനിയർ സയന്റിഫിക് അസിസ്റ്റന്റായായിരുന്നു. എന്നാൽ വിധി അദ്ദേഹത്തിനായി കാത്തുവെച്ചത് അതിലും വലിയ ദൗത്യമായിരുന്നു. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹം വിക്ഷേപണ വാഹനംഎസ്.എൽ.വി 3 യുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു കലാം. പിന്നീട് ഡി.ആർ.ഡി.ഒയുടെ ഇന്റഗ്രേറ്റഡ് ഗൈയ്ഡഡ് മിസൈൽ പ്രോഗ്രാമിന്റെ തലപ്പത്തേക്ക് കലാമെത്തിയ കാലഘട്ടത്തിലാണ് അഗ്നി, പൃഥ്വി ഉൾപ്പെടെയുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതികൾ യാഥാർഥ്യമായത്. തന്റെ രാജ്യത്തിന്റെ അതിരില്ലാത്ത സാദ്ധ്യതകളിൽ ഉള്ള വിശ്വാസമാണ് മറ്റ് രാജ്യങ്ങളെ പോലും വെല്ലുവിളിച്ച് പൊക്രാൻ 2 ഉൾപ്പെടെയുള്ള ആണവ പരീക്ഷണങ്ങൾക്ക് കലാമിന് ധൈര്യം നൽകിയത്.
രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോൾ കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞു. എഴുത്തുകാരൻ, അദ്ധ്യാപകൻ, ഗവേഷകൻ എന്നിങ്ങനെ കൈവെച്ച എല്ലാ മേഖലകളിലും കലാം വ്യക്തിമുദ്ര പതിപ്പിച്ചു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീർഘ ദൂര മിസൈലുകൾ കൊണ്ട് മൂന്ന് സേനകളെയും ആധുനികവൽക്കരിച്ചു. അമേരിക്കൻ ചാരക്കണ്ണുകളെ വെട്ടിച്ച് പൊഖ്രാന് 2 അണുബോംബ് പരീക്ഷണത്തിലൂടെ 1998ൽ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാൻ നേതൃത്വം നല്കി. പത്മഭൂഷനും പത്മവിഭൂഷനും പരമോന്നത ബഹുമതിയായ ഭാരത രത്നയും നൽകി രാജ്യം ആദരവ് പങ്കുവെച്ചു. ഒടുവിൽ, പ്രഥമ പൗരനായി രാഷ്ട്രപതി ഭവനിലേക്കെത്തിപ്പോഴും ജനകീയ നയങ്ങളാൽ ജനങ്ങളുടെ രാഷ്ട്രപതിയായി.
രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനം കലാം അതിമനോഹരമായി ഒരുക്കിയെടുത്തു. അതിരാവിലെ അദ്ദേഹം അതിലൂടെ നടക്കുമായിരുന്നു. കൂടെയുള്ളവർ സുരക്ഷയെക്കരുതി അത് എതിർത്തെങ്കിലും അദ്ദേഹം ഗൗനിച്ചില്ല. ഉദ്യാനത്തിന്റെ മരച്ചുവടുകളിൽ കവിത കുറിച്ചുവെച്ചു. തന്റെ പിറന്നാളുകൾ ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തിൽ ആയിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. രാഷ്ട്രപതി എത്തുന്നു എന്നറിഞ്ഞാൽ എത്ര പിന്നാക്കമായ ഗ്രാമമായാലും പെട്ടന്ന് വൈദ്യുതി, വെള്ളം, വെളിച്ചം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ലഭ്യമാവും. ഇന്ത്യയിൽ പെട്ടന്ന് വികസനം എത്തിക്കാൻ ഇതൊക്കെയേ മാർഗമുള്ളൂ എന്നതിനാലാണിത്. രാഷ്ട്രപതി ഭവനിൽ നിന്നുമിറങ്ങിയ കലാം ഒരുനിമിഷം പോലും വെറുതെ ഇരുന്നില്ല. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിച്ച് കൊണ്ടേയിരുന്നു. സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഇല്ലാത്തത് കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞ് കൊണ്ടേയിരുന്നു. ശരീരത്തെ പ്രായം ബാധിക്കുമ്പോഴും മനസ്സിനെ ജരാനരകൾ ബാധിക്കാൻ കലാം അനുവദിച്ചില്ല. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ദീർഘകാല അജണ്ടകളും ദർശനങ്ങളുമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
2015 ജൂലൈ 27ന് വിടപറയുമ്പോൾ ഇഷ്ടപ്പെട്ടിരുന്ന തൊഴിലായ അദ്ധ്യാപന വൃത്തിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അദ്ധ്യാപനത്തിലൂടെ തന്നെ ലോകം ഓർക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഇന്ത്യയിലും വിദേശത്തുമായി 48 സർവകലാശാലകളിൽ നിന്ന് ഓണററി ഡോക്ടറേറ്റുകൾ ലഭിച്ച വ്യക്തിയാണ് കലാം. വരും തലമുറക്ക് ജീവിതത്തിൽ വിജയിക്കാനുള്ള വിജയ മന്ത്രങ്ങളെക്കുറിച്ചുള്ള ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം ഇപ്രകാരമായിരുന്നു; 'ജീവിതത്തിൽ വിജയിക്കാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് നാല് കാര്യങ്ങളാണ്. ഒന്ന്, മികച്ച ലക്ഷ്യങ്ങളുണ്ടായിരിക്കുക എന്നതാണ്. എനിക്ക് വലിയ ലക്ഷ്യങ്ങളുണ്ട്. ഞാൻ അറിവ് ആർജ്ജിച്ച് കൊണ്ടേയിരിക്കും. ഞാൻ കഠിനാദ്ധ്വാനം ചെയ്യും. വിജയത്തിലെത്തും. ജീവിത വിജയത്തിനുള്ള മന്ത്രങ്ങൾ ഇവയാണ് എന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |