
ആലപ്പുഴയിൽ നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മർദ്ദിച്ച 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിക്കാൻ ശ്രമിച്ച എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് കുരുക്ക് മുറുകുകയാണ്. കേസ് തെളിവില്ലെന്ന് കാട്ടി അവസാനിപ്പിക്കാൻ ആലപ്പുഴ എസ്.പിയായിരുന്ന ചൈത്രാതെരേസാ ജോണിന്, എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രത്യേക സംഘം (എസ്.ഐ.ടി) പിടിച്ചെടുത്തു.എ.ഡി.ജി.പി അയച്ച സന്ദേശമെന്ന് ചൂണ്ടിക്കാട്ടി ചേർത്തല ഡിവൈ.എസ്.പിക്ക് ചൈത്ര ഇത് ഫോർവേഡ് ചെയ്തിരുന്നു.അതും പിടിച്ചെടുത്തിട്ടുണ്ട്.
കേസിലെ ആദ്യ അന്വേഷണസംഘത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ ദിവസം,രാവിലെ 11മുതൽ വൈകിട്ട് നാലുവരെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിൽ അവരുമായി കൂടിക്കാഴ്ച നടത്തി.കേസ് ഡയറിയും സുപ്രധാന മൊഴികളുമടക്കം തിരുത്തി തെളിവില്ലെന്ന് വരുത്താൻ എ.ഡി.ജി.പി നേരിട്ട് നിർദ്ദേശിച്ചെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.അജിത് ക്രമസമാധാന ചുമതലയിലിരിക്കെ,അദ്ദേഹത്തിന്റെ ഓഫീസിലാണ് പ്രതികളെ രക്ഷിക്കാൻ കേസ് ഡയറിയടക്കം രേഖകൾ തിരുത്തിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.ഡിവൈ.എസ്.പി ബൈജുപൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലും പേരൂർക്കട പൊലീസ് ക്ലബിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.
ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധമാണെന്നും ക്രിമിനൽ കുറ്റമാണെന്നുമാണ് ആദ്യഅന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നാലെ അന്വേഷണസംഘത്തെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഗ്രേഡ് എസ്.ഐമാരായ ശ്രീകാന്ത്,വിജേഷ് എന്നിവർ ചേർന്ന് ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രതികൾക്ക് അനുകൂലമായി തിരുത്തിച്ചു.എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ഫയലുകൾ വാങ്ങി തിരുത്തിയെന്ന് ഇവർ മൊഴിനൽകിയിരുന്നു. 2024 ഓഗസ്റ്റ് 12,13,14,15 തീയതികളിലാണ് ആദ്യ അന്വേഷണ സംഘത്തെ പേരൂർക്കട എസ്.എ.പി ക്യാമ്പിനടുത്തുള്ള എ.ഡി.ജി.പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.സന്ദർശക രജിസ്റ്ററിൽ ഇവർ വന്ന സമയവും പോയ സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.
അട്ടിമറിയുടെ
ആഴം വലുത്
കേസ് ഡയറി തിരുത്തിയപ്പോൾ സംഭവിച്ച മറ്റൊരു ഗുരുതരമായ പിശക് എസ്.ഐ.ടി കണ്ടെത്തിയത് അട്ടിമറിയുടെ ആഴം വ്യക്തമാക്കുന്നതാണ്. 2023ഡിസംബറിൽ മർദ്ദനസ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥന്റെ മൊഴി, തിരുത്തിയ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഗൺമാൻമാർ തലയ്ക്കടിക്കുന്നത് കണ്ടില്ലെന്നായിരുന്നു മൊഴി. ഇദ്ദേഹത്തിന് സംഭവമുണ്ടായി 2മാസത്തിനു ശേഷം മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. മൊഴി തിരുത്തിയപ്പോൾ അതിൽ ഉദ്യോഗസ്ഥന്റെ പുതിയ സ്റ്രേഷന്റെ വിലാസം പഴയ തീയതിയോടെ ഉൾപ്പെടുത്തിയെന്ന് എസ്.ഐ.ടി കണ്ടെത്തി. താൻ ഇങ്ങനെയൊരു മൊഴി കൊടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ എസ്.ഐ.ടിയോട് വെളിപ്പെടുത്തി.
എ.ഡി.ജി.പിക്കെതിരേ
നേരിട്ടുള്ള തെളിവ്
കേസ് അട്ടിമറിയിൽ എ.ഡി.ജി.പിക്കെതിരേ അതിശക്തമായ തെളിവുകൾ സഹിതമാണ് എസ്.ഐ.ടി റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്. വ്യാജരേഖയുണ്ടാക്കൽ, തെളിവുനശിപ്പിക്കൽ, അന്വേഷണം അട്ടിമറിക്കൽ അടക്കം ക്രിമിനൽ കുറ്റങ്ങൾക്ക് കേസെടുക്കാനാവുമെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥനായതിനാൽ നടപടിക്ക് ശുപാർശ ചെയ്യാൻ എസ്.ഐ.ടിക്ക് കഴിയില്ല. പൊലീസ് മേധാവിയാണ് ഇതിനുള്ള ശുപാർശ സർക്കാരിന് കൈമാറേണ്ടത്. താഴ്‌ന്ന റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നെങ്കിൽ കേസെടുക്കാൻ അനുമതി തേടാമായിരുന്നു. കേസ്ഡയറി തിരുത്തിയതിന് കേസെടുത്തില്ലെങ്കിൽ ഗൺമാൻമാരുടെ മർദ്ദനക്കേസ് നിലനിൽക്കില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു. എ.ഡി.ജി.പിയുടെ ഓഫീസിലും പേരൂർക്കട പൊലീസ് ക്ലബിലും പരിശോധന നടത്തി പിടിച്ചെടുത്ത രേഖകളും നിർണായകമാണ്.
കേസും സസ്പെൻഷനും?
വധശ്രമക്കേസ് അട്ടിമറിച്ചതിന് അജിത്തിനെതിരേ കേസെടുത്ത് സസ്പെൻഡ് ചെയ്തേക്കാം. അടുത്തമാസം ഫയർഫോഴ്സ് മേധാവി നിതിൻഅഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ഇത് ലഭിക്കില്ല. പകരം എസ്.ശ്രീജിത്തിന് ഡി.ജി.പി റാങ്ക് ലഭിക്കാം. രേഖകൾ തിരുത്തിയെന്ന് തെളിഞ്ഞാൽ അജിത്തിനെതിരേ വ്യാജരേഖയുണ്ടായതിനും അന്വേഷണം അട്ടിമറിച്ചതിനും അടക്കം കേസെടുക്കാനിടയുണ്ട്. ബിവറേജസ് കോർപറേഷൻ ചെയർമാനാണ് അജിത്കുമാർ.
ഇതാണ് ആ
'രക്ഷാപ്രവർത്തനം"
നവകേരളസദസിനിടെ 2023ഡിസംബറിൽ ആലപ്പുഴയിൽ വച്ച് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ സുരക്ഷാ സംഘാംഗങ്ങൾ യൂത്ത് കോൺഗ്രസ്,കെ.എസ്.യു പ്രവർത്തകരെ മർദിച്ചെന്നാണ് കേസ്. പിണറായി ഇതിനെ 'രക്ഷാപ്രവർത്തനം" എന്ന് വിശേഷിപ്പിച്ചിരുന്നു. 5 പൊലീസുകാരാണ് പ്രതികൾ. നേതാക്കളെ മർദ്ദിച്ചത് 'രക്ഷാപ്രവർത്തനം' അല്ലെന്നും വധശ്രമമാണെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. കരിങ്കൊടി കാട്ടാനെത്തിയവരെ ലോക്കൽ പൊലീസ് പിടിച്ചുമാറ്റി വലയം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല. ലാത്തി ഉപയോഗിക്കാൻ ഇവർക്ക് അനുമതിയുണ്ടായിരുന്നില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ലാത്തിക്ക് സമരക്കാരുടെ തലയ്ക്കടക്കം അടിച്ചു. ഇത് വധശ്രമക്കുറ്റം ചുമത്താവുന്ന ക്രിമിനൽ നടപടിയാണ്. പിണറായിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന എസ്. അനിൽകുമാർ (അനിൽ കല്ലിയൂർ), എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ.അരുൺ, വി.വി. വിപിൻ എന്നിവരാണ് പ്രതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |