
ഇന്ന് പതിതകാരുണികനും വിശ്വഗുരുവുമായ ശ്രീനാരായണ ഗുരുദേവന്റെ 172ാമത് തിരുജയന്തിയാണ്. വിഭജിക്കപ്പെടാനാവാത്ത സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മാനവികതയുടെയും ധാർമ്മികതയുടെയും സനാതന മൂല്യങ്ങളുടെയും ഒക്കെ സമ്പൂർണതയായിരുന്നു ഗുരുദേവൻ. അതുകൊണ്ടാണ് ഗുരുദേവൻ ഏതുകാലത്തിനും ഏതു കുലത്തിനും സ്വീകാര്യനായും കാലാതീതനായ വിശ്വഗുരുവായും നിലകൊള്ളുന്നത്.
ആരെയും വെറുക്കാനല്ല മറിച്ച് എല്ലാവരെയും ഉൾക്കൊള്ളാനും അതുവഴി ആരും പുറത്താകാത്തൊരു മാതൃകാലോകത്തിന്റെ സംസൃഷ്ടി നിർവ്വഹിക്കാനും ജന്മം കൊണ്ട ഗുരുദേവന്റെ ഈ ജയന്തി ദിനം ഏതെങ്കിലും ഒരു വിഭാഗത്തിനായല്ല, മറിച്ച് ലോകത്തിന് ആകെ വെളിവും പ്രത്യാശയും ഉണർവും പ്രചോദനവും നൽകുന്ന വിശ്വശാന്തിയുടെ പുണ്യദിനം കൂടിയാണ്.
ആധുനികകാലത്തിന്റെ പരിഷ്‌കാരങ്ങളും മുന്നേറ്റങ്ങളും പരിവർത്തനങ്ങളും ഒക്കെ എണ്ണിപ്പറയുന്നവരേറി വരുന്ന പുതിയ കാലത്ത് വിസ്മരിക്കാനാവാത്തൊരു സത്യം തുറന്നു പറയാതിരിക്കാനാവില്ല. അതെന്തെന്നാൽ മനുഷ്യർ പരസ്പരം ഭിന്നിക്കുകയും ഭിന്നിപ്പിക്കുകയും ഒറ്റപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു എന്ന സ്ഥിതിവിശേഷമേറി വരുന്നു എന്നതാണ്. അതിനു കാരണങ്ങളും കാര്യങ്ങളും പലതുണ്ടാകാം. എന്നാൽ അവയെല്ലാം തന്നെ ബാഹ്യതലത്തിൽപ്പെടുന്നവയുമാണ്. അതുകൊണ്ടുതന്നെ ഈ വക ബാഹ്യവ്യവഹാരങ്ങൾക്ക് വേഗം അടിമപ്പെടാതിരിക്കാനുള്ള പാകതയും വിവേകവും വിചാരവും എല്ലാ മനുഷ്യർക്കുമുണ്ടാകേണ്ടതുണ്ട്.
അതാകട്ടെ ആന്തരികമായ ഉണർവ്വിൽ നിന്നും വെളിവിൽ നിന്നും പരിവർത്തനങ്ങളിൽ നിന്നും ഒക്കെയാണ് പാകപ്പെട്ടു വരേണ്ടത്. അതിന്റെ രീതിശാസ്ത്രവും മനഃശാസ്ത്രവും തത്വശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഒരേ നേരം കാലത്തിന്റെയും ലോകത്തിന്റേയും വർത്തമാനകാല സ്പന്ദനങ്ങൾക്കൊത്തും അതിനതീതമായും ആവിഷ്‌കരിച്ചു നൽകിയ മഹാമനീഷികളെയാണ് മഹാപുരുഷൻമാരെന്നും അവതാര പുരുഷൻമാരെന്നും ക്രാന്തദർശികളെന്നും ഒക്കെ പറഞ്ഞുവരുന്നത്.
ഈ അപൂർവ പരമ്പരയിലെ ആധുനിക ഋഷിവര്യനാണ് 1855 ആഗസ്റ്റ് 28ന് ചെമ്പഴന്തിയിൽ ഉദയം കൊണ്ട ശ്രീനാരായണഗുരുദേവൻ. ഇന്നത്തെ 172ാമത് തിരുജയന്തി ദിനം ആഗസ്റ്റ് 28ന് തന്നെ വന്നെത്തിയിരിക്കുന്നു എന്ന അപൂർവതയും ഇക്കൊല്ലത്തെ ജയന്തിക്കുണ്ട്.
മനുഷ്യൻ മുൻപില്ലാത്തവിധം കലഹിച്ചും ഭിന്നിച്ചും വിഭജിച്ചും ലോകത്തെയും സമൂഹത്തെയും അസ്ഥിരപ്പെടുത്തുന്ന സ്ഥിതിവിശേഷം മനുഷ്യകുലത്തിന്റെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയായി തീരുന്നുവെന്ന വസ്തുത ആധുനികലോകത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായിട്ടുള്ള നാം തിരിച്ചറിയാതെ പോകരുത്.
എവിടെയൊക്കെയാണോ മനുഷ്യത്വത്തിനും മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും അപചയം ഉണ്ടാകുന്നത് അവിടെയൊക്കെ മനുഷ്യർ തരംതിരിക്കപ്പെടും അല്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെടും. ഈ വിധമുള്ള വേർപിരിക്കലുകളിൽ നിന്നും അഥവാ വേർതിരിക്കലുകളിൽ നിന്നുമാണ് ലോകത്ത് എല്ലാ കലഹങ്ങളും വൈരങ്ങളും ഉച്ചനീചത്വങ്ങളും വിവേചനങ്ങളുമെല്ലാം ഉണ്ടായിട്ടുള്ളത്. അതിന്റെയെല്ലാം അതിജീവനമന്ത്രമാണ് ആർഷ ഭാരതം ലോകസമക്ഷം അവതരിപ്പിച്ചിട്ടുള്ള വസുധൈവകുടുംബകം എന്ന മഹിതമായ ദർശനം. ഈ സമദർശനത്തിന്റെ ഏറ്റവും ആധുനികവും മാനവികവും ഹൃദ്യവുമായ ഭാഷ്യമാണ് ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിശ്വസന്ദേശം.
ഈ സന്ദേശം ഉൾക്കൊള്ളുന്ന ഹൃദയങ്ങളിൽ മാത്രമേ സോദരത്വേന വാഴാനുള്ള മനുഷ്യത്വം ചൈതന്യവത്തായി നിലനിൽക്കുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ഗുരുദേവ വിശ്വാസികളുടെയും കടമയും കർത്തവ്യവുമെന്നത് ഗുരുദേവൻ വഴികാട്ടിയ മനുഷ്യത്വത്തിന്റെയും സ്വതന്ത്രമാനവികതയുടേയും പരിപൂരകത്തിനായി നിലകൊള്ളുക എന്നതാണ്. ഇതുതന്നെയാണ് ഏറ്റവും മഹത്തായ ഗുരുപൂജയും ഗുരുഭക്തിയും.
വിശ്വമാനവികതയുടെ
ദർശനം
ഗുരുദേവൻ തന്റെ അനുപമമായ ജീവിതം കൊണ്ട് ലോകത്തിന് പറഞ്ഞുതന്നത് അന്യരെ സൃഷ്ടിക്കാതിരിക്കാനുള്ള വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണ്. അതിന്റെ ഊട്ടിയുറപ്പിക്കലിനുള്ളതാണ് അവിടത്തെ സ്‌തോത്രകൃതികളും ദാർശനികകൃതികളും ധർമ്മശാസ്ത്രവും ക്ഷേത്രപ്രതിഷ്ഠകളും നവോത്ഥാനമുന്നേറ്റങ്ങളുമെല്ലാം തന്നെ. എന്നാൽ ഇതിന്റെയൊക്കെ ഒന്നായിരിക്കുന്ന അഥവാ ഏകമായിരിക്കുന്ന അടിത്തറയെക്കുറിച്ചും സത്യത്തെക്കുറിച്ചും ബോധവും ബോധ്യവുമില്ലാതായാൽ ഇതൊക്കെയും വൈവിദ്ധ്യങ്ങളുടെ വിചാരലോകത്തകപ്പെടും. അതാകട്ടെ യഥാർത്ഥത്തിലുള്ള ഗുരുസ്വരൂപത്തിങ്കൽ നിന്നും നമ്മെ അകലേക്ക് കൂട്ടിക്കൊണ്ടു പോകും.
ഇന്ന് ഇത്തരത്തിൽ ഗുരുദേവന്റെ തത്വശാസ്ത്രവും സാമൂഹ്യശാസ്ത്രവും അതിന്റെ സ്വത്വ ബോധത്തിൽ നിന്നും അകന്നു പോയതിന്റെയും പോകുന്നതിന്റെയും ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഗുരുദർശനം ഇന്നത്തെ മാത്രമല്ല ഏത് കാലത്തെയും ലോകത്തിനും മനുഷ്യകുലത്തിനും പരമശാന്തിയുടെ തീർത്ഥവും അഭ്യുന്നതിയുടെ അതിവിശിഷ്ടവും ശ്രേഷ്ഠവുമായ വെളിച്ചവുമാണ്. ഏത് ഇരുട്ടത്തിരുന്നാലും അവനവനിലുള്ള അറിവിന്റെ വെളിവിനെ ഇരുട്ടു ബാധിക്കുകയില്ലെന്നതുപോലെ ഗുരുദർശനത്തിന്റെ ഉൾവെളിച്ചം നമ്മുടെ ഉള്ളിലുണ്ടായിരുന്നാൽ യാതൊന്നിനും നമ്മെ പിന്നിലേക്കോടിക്കാനാവില്ല.
ഗുരുവിലുള്ള വിശ്വാസവും നമ്മിലുള്ള സ്വാതന്ത്ര്യവും പരപൂരകമാകുമ്പോഴാണ് ഗുരുദേവൻ വിഭാവനം ചെയ്ത സർവ്വരും സോദരത്വേന വാഴുന്ന മാതൃകാലോകത്തിന്റെ വരവിന് നമുക്കും നമ്മുടേതായ പങ്കുവഹിക്കാനാവുക. ഗുരുദർശനത്തിലേക്ക് ലോകം തന്നെ അടുത്തുവരുന്ന ഈ കാലത്ത് ഗുരുവിനെ നേരാംവണ്ണം അറിയാനും പറയാനും കഴിയുന്ന ഒരു ശ്രീനാരായണീയസമൂഹമാണ് നമുക്കുണ്ടാവേണ്ടത്. ഗുരുദേവന്റെ ഈ 172ാമത് തിരുജയന്തിദിനം ഈയൊരു പുനർവിചിന്തനത്തിനും ഈവിധമൊരു പുനരുത്ഥാനത്തിനും ഒരു പുനരേകീകരണത്തിനും നമുക്ക് ശേഷിയും ശേമുഷിയും നൽകുന്നതായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |