SignIn
Kerala Kaumudi Online
Tuesday, 28 July 2026 4.13 AM IST

സഹകരണ പ്രസ്ഥാനത്തെ കരുത്തുറ്റതാക്കണം

1

ഒപ്പത്തിനൊപ്പം പ്രകാശിക്കുന്ന ധർമ്മനിഷ്ഠയും ഭൗതികതയും പരപ്രേരണയില്ലാത്ത സ്വീകാര്യതയും ജനാധിപത്യവുമാണ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്രകൾ. സഹകരണ പ്രസ്ഥാനങ്ങൾ കാട്ടിത്തരുന്നത് രാഷ്ട്രീയ, സാമൂഹ്യതാത്പര്യ സംരക്ഷണത്തിനുള്ള മാർഗങ്ങളാണ്. മുതലാളിത്ത വ്യവസ്ഥിതിയിലെ വർഗസമരത്തിനും സോഷ്യലിസ്റ്റു വ്യവസ്ഥിതിയിലെ ഉദ്യോഗസ്ഥ ദുർഭരണത്തിനും അയവുവരുത്താൻ സഹകരണ പ്രസ്ഥാനത്തിനു കഴിയും.

സഹകരണ പ്രസ്ഥാനത്തിലൂടെ അൽപ്പ വരുമാനക്കാർക്കും വൻകിട വ്യവസായരംഗത്തേക്കും വിപണനരംഗത്തേക്കും നിർമ്മാണ രംഗത്തേക്കും കടന്നുചെല്ലാനാകും. അതുകൊണ്ടാണ് ജനാധിപത്യവും സോഷ്യലിസവും മുദ്രാവാക്യങ്ങളായി തീർന്ന ഇന്ത്യയിൽ സഹകരണ പ്രസ്ഥാനം വേരുറപ്പിച്ചത്.

19-ാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ ഇന്ത്യയിലെ ഗ്രാമീണജനത രക്ഷപ്പെടാൻ കഴിയാത്ത തരത്തിലുള്ള കടക്കെണിയിൽപ്പെട്ടിരുന്നു. ഈ പ്രശ്നത്തെപ്പറ്റി പഠിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ മദ്രാസ് ഗവൺമെന്റ് സർ ഫ്രഡറിക്ക് നിക്കോൾസനെ നിയമിച്ചു. ഇതേ കാലഘട്ടത്തിൽ പഞ്ചാബ് ഗവൺമെന്റ് സാധാരണ കമ്പനി നിയമങ്ങളനുസരിച്ചു സാമ്പത്തിക സഹകരണ സംഘങ്ങൾ സ്ഥാപിച്ച് കടക്കെണിയിൽപ്പെട്ട കർഷകരെ സഹായിക്കാനും തുടങ്ങിയിരുന്നു. 1901ലെ ഫാമിൻ കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് സഹകരണ സംഘങ്ങളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും വേണ്ടി ഇന്ത്യയിൽ 1904ൽ ഒരു സഹകരണ സംഘം ആക്ട് പാസാക്കി.

ചെറുകിട കർഷകരിൽ മിതവ്യയശീലവും സ്വാശ്രയശീലവും സഹകരണമനോഭാവവും ഊട്ടി വളർത്തുന്നതും ഇതിന്റെ മറ്റു ലക്ഷ്യങ്ങളായിരുന്നു. ചില ഭേദഗതികളോടുകൂടി 1912ലും 1919ലും ക്രേന്ദഗവൺമെന്റ് വീണ്ടും നിയമങ്ങൾ പാസാക്കി. സഹകരണ പ്രസ്ഥാനം സ്റ്റേറ്റ് വിഷയമായതോടുകൂടി സ്റ്റേറ്റുകൾ പ്രത്യേക പ്രത്യേകം ആക്ടുകൾ പാസാക്കി നടപ്പാക്കാൻ തുടങ്ങി. അങ്ങനെ പരിമിത വരുമാനക്കാരായ കർഷകർക്ക് ഹ്രസ്വകാല വായ്പകൾ നല്കി അവരുടെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താൻ തുടങ്ങിയ സഹകരണ പ്രസ്ഥാനം ഇന്ന് വൃവസായരംഗവും വിപണനസംസ്‌കരണ രംഗവും സാമ്പത്തികരംഗവും കടന്നു മറ്റു വിവിധ സേവനരംഗങ്ങളിൽ വരെ എത്തി നിൽക്കുന്നു. സമൂഹത്തെ സ്പർശിക്കുന്ന എല്ലാരംഗങ്ങളിലും സഹകരണ പ്രസ്ഥാനം ഇന്നു പ്രവർത്തിക്കുന്നുണ്ട്.


സഹകരണ പ്രസ്ഥാനങ്ങൾ വളർച്ച പ്രാപിച്ചപ്പോൾ അതിനു കൂടുതൽ സംഘാടകരും ഓഹരിയുടമകളുമുണ്ടായി. രാഷ്ട്രീയ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും സഹകാരികളായി വേഷപ്പകർച്ച വരുത്തി അവിടേക്ക് ഓടിയെത്തി. എല്ലാ സംസ്ഥാനങ്ങളും സഹകരണ സംഘങ്ങളെ അവരുടെ വികസന പദ്ധതികളുടെ ഭാഗമാക്കി മാറ്റി. അതോടൊപ്പം തന്നെ സഹകരണസംഘങ്ങൾ രാഷ്ട്രീയവത്കരണത്തിന്റെ ഇരകളായിതീരാനും തുടങ്ങി. തത്ഫലമായി നിസ്വാർത്ഥ സഹകാരികളെ ഫ്യൂഡൽ സന്തതികളായി മുദ്രകുത്തി രംഗത്തുനിന്നും തൂത്തെറിയപ്പെട്ടു.

അതിന്റെ തുടർച്ചയായി സംഘങ്ങളുടെ ഭരണസമിതികളിൽ അനൗദ്യോഗിക അംഗങ്ങളായി രാഷ്ട്രീയത്തിന്റെ ലേബലിൽ തിരഞ്ഞെടുക്കപ്പെട്ടു വന്നവരിൽ പലരും സഹകരണ പ്രസ്ഥാനങ്ങളെ ഉപജീവനമാർഗങ്ങളാക്കി മാറ്റി. സാമ്പത്തിക സഹകരണ സംഘങ്ങളിലാണ് അപഹരണത്തിന്റെ പൂരക്കാഴ്ച ശിങ്കാരിമേളത്തോടെ അരങ്ങേറുന്നത്. വൈവിദ്ധ്യമാർന്ന സാമ്പത്തികതട്ടിപ്പുകൾ ഇന്ന് പല സാമ്പത്തിക സഹകരണസംഘങ്ങളിലും പതിവു സംഭവങ്ങളായി മാറിയിരിക്കുന്നു.

വേണം, പുതിയ സമീപനം

കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടാതെ സഹകരണ പ്രസ്ഥാനത്തെ നിലനിറുത്തേണ്ടതും ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണ്. രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനായി ഒരു പുതിയ സമീപനവും അതിനൊത്ത നിയമ നിർമ്മാണങ്ങളുമുണ്ടാകണം. മാറ്റങ്ങൾ വരുത്തേണ്ടത് സംഘത്തിന്റെ ജനകീയ ഭരണസമിതി സംവിധാനത്തിനാണ്.


നിസ്വാർത്ഥ സേവകരും അതിനുവേണ്ട സമയവും സൗകര്യവും ഭരണ പരിജ്ഞാനമുള്ളവരുമാകണം മുഖ്യമായും പ്രാഥമിക സാമ്പത്തിക സഹകരണ സംഘങ്ങളുടെ ഭരണസമിതികളിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളായി വരാൻ. അവർ ഔദ്യോഗിക രംഗങ്ങളിൽ നിന്നു വിരമിച്ചു സർക്കാർ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരായാൽ ഏറെ നന്ന്.

ഒരു കാലഘട്ടത്തിൽ ഈ ആശയം പലതലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ഗ്രാമ പ്രദേശങ്ങളിൽ സർക്കാർ പെൻഷൻ ലഭിച്ചിരുന്നവരുടെ എണ്ണം കുറവായിരുന്നതുകൊണ്ടു ആ നിർദ്ദേശം നടപ്പിലായില്ല. ആ സ്ഥിതി ഇന്നു മാറി. ഇപ്പോൾ വേണ്ടതു അവർക്ക് അവസരം കൊടുക്കണമെന്നുമാത്രം.

ഭരണ പരിജ്ഞാനമുള്ളവരുടെ സാന്നിദ്ധ്യവും മേൽനോട്ടവുമുള്ളപ്പോൾ യാതൊരു സമ്മർദ്ദത്തിനും കീഴ്‌പ്പെട്ടു സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യാൻ ജീവനക്കാരടക്കം തുനിയുകയില്ല. പ്രാഥമിക സാമ്പത്തിക സഹകരണ സംഘങ്ങളിൽ ഭരണസമിതിയിലേക്കു തിര ഞ്ഞെടുക്കപ്പെട്ടു വരുന്നവർ ആ സംഘങ്ങളിൽ രണ്ടു ലക്ഷത്തിൽ കുറയാതെ സ്ഥിരനി ക്ഷേപമുള്ളവരായിരിക്കണം.

സോഷ്യലിസത്തിന്റെ

പ്രാണവായു
സഹകരണ പ്രസ്ഥാനങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ വിവിധ നിയമ ഇടപെടലുകളിലൂടെ നിയന്ത്രിക്കേണ്ട സഹകരണ വകുപ്പിനെ നോക്കുകുത്തിയാക്കാൻ രാഷ്ട്രീയാധികാരം കൈയാളുന്നവർ ശ്രമിക്കരുത്. നിലവിലുള്ള നിയമങ്ങൾക്കും സഹകരണ വകുപ്പിനും സഹകരണ പ്രസ്ഥാനത്തെ രക്ഷപ്പെടുത്താൻ കഴിയും.

അതിനുവേണ്ടി സംഘങ്ങളിലുണ്ടാകുന്ന മോഷണ ശ്രമങ്ങൾക്കെതിരെ നിയമനടപടികൾ എടുക്കാൻ വീഴ്ച വരുത്തുന്നവർക്കെതിരെയും കർക്കശ ശിക്ഷണനടപടികൾ നടപ്പാക്കണം. സഹകരണ പ്രസ്ഥാനത്തെ രക്ഷപ്പെടുത്താൻ വേണ്ടത് ഭരണ പരിജ്ഞാനമുള്ളവരുടെ നിസ്വാർത്ഥ സേവനമാണ്. അതുണ്ടാകണം. സഹകരണ പ്രസ്ഥാനം സോഷ്യലിസത്തിന്റെ പ്രാണവായുവാണ്.

(കൊല്ലം എസ്.എൻ കോളേജ് ഇക്കണോമിക്സ് വിഭാഗം റിട്ട. പ്രൊഫസറാണ് ലേഖകൻ. ഫോൺ: 9447800617)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION