ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും (എടിഎഫ്) വില വർദ്ധിച്ചതോടെ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരായ ജനങ്ങൾ. തുടർച്ചയായ രണ്ട് മാസങ്ങളിൽ വാണിജ്യ എൽപിജി നിരക്കുകളിൽ വരുത്തിയ കുറവിലൂടെ ലഭിച്ച ആശ്വാസത്തിന് തിരിച്ചടിയാണ് ഇന്നത്തെ വർദ്ധന. വിമാനങ്ങളുടെ ഇന്ധനവിലയിലുണ്ടായ വർദ്ധന യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും തിരിച്ചടിയാണ്. റെസ്റ്റോറന്റ്, കാറ്ററിംഗ് സേവനങ്ങൾ തുടങ്ങിയവർക്കും എൽപിജി വില വർദ്ധന പ്രതിസന്ധി സൃഷ്ടിക്കും.
പുതുക്കിയ വില പ്രാബല്യത്തിൽ വന്നതോടെ 19 കിലോഗ്രാമുള്ള എൽപിജി സിലിണ്ടറിന്റെ വില 9.50 രൂപ വർദ്ധിപ്പിച്ച് 2747.50 രൂപയായി. നേരത്തെ വില 2738 രൂപയായിരുന്നു. അഞ്ച് കിലോ ഗ്രാം ഭാരമുള്ള ഫ്രീട്രേഡ് എൽപിജി എന്ന പേരിൽ അറിയപ്പെടുന്ന സിലിണ്ടറുകൾക്കും വില വർദ്ധിച്ചിട്ടുണ്ട്. രണ്ട് രൂപ വർദ്ധിച്ച് 762 രൂപയിൽ നിന്ന് 764 രൂപയായി. ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് ലിറ്ററിന് 6.28 രൂപ വർദ്ധിച്ച് 115 രൂപയിൽ നിന്ന് 121.28 രൂപയായി. ഓഗസ്റ്റ് ഒന്നിന് ലിറ്ററിന് അഞ്ച് രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്നത്തെ വർദ്ധന. ഇതോടെ വിമാനക്കമ്പനികളുടെ സാമ്പത്തിക ബാദ്ധ്യത വർദ്ധിക്കും. വരും ദിവസങ്ങളിൽ വിമാനയാത്രകൾക്ക് ചെലവേറാനും സാദ്ധ്യതയേറെയാണ്.
തുടർച്ചയായ രണ്ട് മാസങ്ങളിൽ വാണിജ്യ എൽപിജിയുടെ വിലിയിൽ കുറവ് വരുത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് 192 രൂപയും ജൂലായ് ഒന്നിന് 183.50 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധി സമയത്ത് വാണിജ്യ എൽപിജി വില ഉയർന്നതിനെ തുടർന്നാണ് ഈ കുറവുകൾ വരുത്തിയത്. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ സിലിണ്ടറിന് 1,373 രൂപ വർദ്ധിച്ച് 1,740.50 രൂപയിൽ നിന്ന് 3,113.50 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണി വിലകളും വിദേശ വിനിമയ നിരക്കുകളും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതി എടിഎഫ്, എൽപിജി വിലകൾ പരിഷ്‌കരിക്കും. വാറ്റ് പോലുള്ള പ്രാദേശിക നികുതികളെ ആശ്രയിച്ച് ഓരോ സംസ്ഥാനങ്ങളിൽ നിരക്കുകൾ വ്യത്യാസമായിരിക്കും. അതേസമയം, 14.2 കിലോഗ്രാമുള്ള ഗാർഹിക സിലിണ്ടറിന് 942 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. ആഗോള വിപണിയിലെ തടസ്സങ്ങൾക്കിടയിൽ മാർച്ചിൽ 60 രൂപ വർദ്ധിപ്പിച്ച് ജൂണിലാണ് ഗാർഹിക എൽപിജിക്ക് 29 രൂപ വർദ്ധിപ്പിച്ചത്. പെട്രോൾ, ഡീസൽ വിലകളും മാറ്റമില്ലാതെ തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |