SignIn
Kerala Kaumudi Online
Wednesday, 02 September 2026 6.19 PM IST

ഡോക്‌ടർമാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുംവെട്ട്; ഇത്തരം വാക്കുകൾ പോസ്റ്റിലുണ്ടെങ്കിൽ പിടിവീഴും

doctors
പ്രതീകാത്മക ചിത്രം

ദുബായ്: ആശുപത്രികൾ, ക്ളിനിക്കുകൾ, ഡോക്‌ടർമാർ എന്നിവരുടെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ പുറത്തിറക്കി ദുബായ് ഹെൽത്ത്‌കെയർ റെഗുലേറ്റർ. ഓൺലൈനിൽ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലെ വാക്കുകൾ, അവകാശവാദങ്ങൾ തുടങ്ങിയവയ്ക്കാണ് വിലക്കേർപ്പെടുത്തിയത്.

ഡിഎച്ച്എ ലൈസൻസുള്ള ആരോഗ്യ കേന്ദ്രങ്ങൾക്കും പരസ്യങ്ങൾക്കും ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡിഎച്ച്എ) സോഷ്യൽ മീഡിയയിലെ മെഡിക്കൽ പരസ്യ ഉള്ളടക്കത്തിനുള്ള മാനദണ്ഡങ്ങൾ ബാധകമാക്കിയാണ് പുതിയ ഉത്തരവ്. ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, ടിക്‌ടോക്ക്, യൂട്യൂബ്, സ്‌നാപ്‌ചാറ്റ്, വാട്‌സാപ്പ്, ലിങ്ക‌്‌ഡ്‌ഇൻ എന്നീ സമൂഹമാദ്ധ്യമ ഉപയോഗങ്ങൾക്ക് നിയമം ബാധമായിരിക്കും. ആരോഗ്യ സേവനങ്ങൾ, ചികിത്സകൾ, രോഗശാന്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രൊമോഷൻ നടത്തുന്ന സോഷ്യൽ മീഡിയ താരങ്ങൾക്കും നിയമം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ആരോഗ്യമേഖല സംബന്ധിച്ച പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിന് മുൻപ് ബന്ധപ്പെട്ട മെഡിക്കൽ ഡയറക്‌ടറുടെ അനുമതി തേടണം. വിശ്വാസ്യതയുള്ള ഉള്ളടക്കങ്ങൾ മാത്രമേ പങ്കുവയ്ക്കാൻ പാടുള്ളൂവെന്ന് മാത്രമല്ല സ്വകാര്യ ഫോണിൽ നിന്നോ അക്കൗണ്ടിൽ നിന്നോ പങ്കുവയ്ക്കപ്പെടുന്ന ഉള്ളടക്കങ്ങൾക്കും അനുമതി തേടണം.

ദുബായിലും മറ്റ് രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഡോക്‌ടർമാർക്ക് ദുബായിലേയ്ക്ക് മാത്രമായി പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. ആശുപത്രികളുടെ പേര്, ലോഗോ തുടങ്ങിയവ അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല, ദുബായിൽ ചികിത്സ തേടുന്ന രോഗികളെ അന്താരാഷ്ട്ര സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രദർശിപ്പിക്കാനും പാടില്ല.

നിരോധിച്ച വാക്കുകൾ

അത്ഭുതം, മാജിക്, അതുല്യം, മികച്ചത്, എക്സ്ക്ലൂസീവ്, സുരക്ഷിതം, താരതമ്യപ്പെടുത്താനാവാത്തത്, അഭൂതപൂർവമായത്, 100 ശതമാനം, തികച്ചും ഉറപ്പാണ്, ഉറപ്പായ വിജയം, പാർശ്വഫലങ്ങളില്ല, പണം തിരികെ നേടുക, പ്രശസ്തൻ, പയനിയർ, ഉടനടി ഫലങ്ങൾ.

നിരോധിച്ച തലക്കെട്ടുകൾ

പ്രൊഫഷണലുകൾ തങ്ങളുടെ ഡിഎച്ച്എ ലൈസൻസിൽ ഉള്ളതിൽ നിന്ന് വ്യത്യസ്തമായ പേരുകൾ ഉപയോഗിക്കാൻ പാടില്ല. 'കോസ്മെറ്റിക് സ്പെഷ്യലിസ്റ്റ്', 'ഏസ്‌തെറ്റിക് കൺസൾട്ടന്റ്', 'കോസ്മെറ്റോളജിസ്റ്റ്', 'ആന്റി-ഏജിംഗ് സ്പെഷ്യലിസ്റ്റ്', 'ബ്യൂട്ടി എക്സ്പേർട്ട്' തുടങ്ങിയ പദങ്ങൾ ഒഴിവാക്കണം.

അംഗീകൃത പിഎച്ച്ഡി നേടിയ ഫിസിഷ്യൻമാർ, ദന്തഡോക്ടർമാർ, പ്രൊഫഷണലുകൾ എന്നിവർക്ക് മാത്രമേ 'ഡോക്ടർ' എന്ന പ്രിഫിക്സ് ഉപയോഗിക്കാൻ അനുവാദമുള്ളൂ. കൂടാതെ പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം.

ചിത്രങ്ങളുടെ ഉപയോഗം

ഒരു പരസ്യത്തിൽ രോഗിയുടെ ചിത്രം, വീഡിയോ അല്ലെങ്കിൽ പ്രസ്താവന ഉപയോഗിക്കുന്നതിന് മുമ്പ് രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. കൂടാതെ രോഗി 18 വയസിന് താഴെയാണെങ്കിൽ മാതാപിതാക്കളുടെ പ്രത്യേക സമ്മതം തേടേണ്ടതുണ്ട്.

ചിത്രീകരണത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ ഒരേ വ്യക്തിയുടെതായിരിക്കണം. ഒരേ ലെൻസ് ഉപയോഗിച്ച് എടുത്തതും എഡിറ്റ് ചെയ്യാത്തതുമായിരിക്കണം. കൂടാതെ ഓരോ വ്യക്തിക്കും ഫലങ്ങൾ വ്യത്യാസപ്പെടാമെന്ന ഒരു പ്രസ്‌താവനയും നി‌ർബന്ധമായും നൽകിയിരിക്കണം.

ഒരു രോഗി ചെറുതോ വലുതോ ആയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോഴോ ജനറൽ അനസ്തേഷ്യയിലായിരിക്കുമ്പോഴോ ഓപ്പറേഷൻ തിയേറ്ററുകളിലോ പ്രൊസീജർ റൂമിലോ ആയിരിക്കുമ്പോഴുള്ള ചിത്രീകരണം നിരോധിച്ചിരിക്കുന്നു. ഇത്തരം സ്ഥലങ്ങളിലെ ചിത്രീകരണം, തത്സമയ സ്ട്രീമിംഗ് എന്നിവ പ്രൊമോഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്.

മറ്റ് നിയന്ത്രണങ്ങൾ

പരസ്യങ്ങൾ യഥാർത്ഥമല്ലാത്ത പ്രതീക്ഷകൾ നൽകുന്നതാകരുത്. രോഗിയെ ചികിത്സ തേടാൻ നിർബന്ധിക്കുന്നതുമാകരുത്. രോഗിയുടെ വൈദ്യശാസ്ത്ര പരിജ്ഞാനക്കുറവ് ചൂഷണം ചെയ്യരുത്. ഒരു ഡോക്ടറുടെ സേവനങ്ങൾ മറ്റൊരാളേക്കാൾ മികച്ചതാണെന്ന് അവകാശപ്പെടരുത്.

ആരോഗ്യമേഖലയിലെ വ്യത്യസ്ത തൊഴിലുകളെ താരതമ്യം ചെയ്യുന്ന സാക്ഷ്യപത്രങ്ങളും അനുവദനീയമല്ല. യുഎഇയുടെ സംസ്കാരം, ഇസ്ലാമിക മൂല്യങ്ങൾ തുടങ്ങിയവ നിരാകരിക്കുന്ന തരത്തിലെ ഉള്ളടക്കവും അനുവദനീയമല്ല. രോഗികളെയും പൊതുജനങ്ങളെയും സുരക്ഷിതമല്ലാത്തതും അധാർമ്മികമായതുമായ പരസ്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം, ദുബായ് ആരോഗ്യ മേഖലയെ വിശ്വസനീയമായി നിലനിർത്താനുള്ള സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഏറ്റവും പുതിയ സർക്കുലർ.

പിഴ

സോഷ്യൽ മീഡിയ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകളെക്കുറിച്ച് എല്ലാ ജീവനക്കാരെയും അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ഡയറക്ടർമാർ ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് പരിശീലനവും റിഫ്രഷർ സെഷനുകളും നൽകണം.

English Summary

Dubai’s healthcare regulator has introduced social media rules for hospitals, clinics, doctors, and influencers promoting healthcare services. Misleading claims or statements about treatments, services, or cures are prohibited. The regulations apply to platforms including Instagram, Facebook, TikTok, YouTube, Snapchat, WhatsApp, and LinkedIn.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOCIALMEDIA, SOCIAL MEDIA RULES, SOCIAL MEDIA RULES IN DUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360