ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിളുടെ പൂന്തോട്ടം ശ്രദ്ധേയമാകുന്നു
സുൽത്താൻ ബത്തേരി: പഠനത്തോടൊപ്പം കൃഷിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സ്കൂൾ കുട്ടികൾ. ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് സമൂഹത്തിന് തന്നെ മാതൃകയായി നിലകൊള്ളുന്നത്. നിർധനരായ മൂന്ന് കുട്ടികൾക്ക് വിദ്യാർത്ഥികൾ അദ്ധ്യാപകരുടെയും പി.ടി.എയുംടെയും സഹകരണത്തോടെ വീട് വെച്ച് നൽകികൊണ്ടായിരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സേവന പ്രവർത്തനങ്ങൾക്കുമായി തുടക്കമിട്ടത്. സ്കൂളിലെ കുട്ടികൾ തങ്ങളാൽ കഴിയുന്ന തുക സമാഹരിച്ചും, ധനാഗമന മാർഗ്ഗത്തിനായി സ്കൂളിലെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് പൂന്തോട്ടം വെച്ച് പിടിപ്പിച്ച് ഇത് കാണാനെത്തുന്നവരിൽ നിന്ന് നേരിയ തുക പ്രവേശന ഫീസ് വാങ്ങിയുമാണ് സാമ്പത്തികം കണ്ടെത്തിയത്. പൂപ്പാടത്ത് വന്ന് ഫോട്ടോ എടുക്കുന്നതിനും പൂക്കൾ കാണാനുമായി എത്തുന്നവരിൽ നിന്ന് സമാഹരിച്ച തുകയ്ക്ക് പുറമെ സ്കൂൾ കോമ്പൗണ്ടിൽ വിദ്യാർത്ഥികൾ ഇറക്കിയ പച്ചക്കറി കൃഷിയിൽനിന്നുള്ള വരുമാനവും ജീവകാരുണ്യ പ്രവത്തനങ്ങൾക്കായി വിനിയോഗിക്കുകയാണ് ചെയ്തത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രധാനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകുകയും ചെയ്യുന്നു. സ്കൂൾ വളപ്പിൽ ഇപ്പോൾ ചെണ്ടുമല്ലിയും സൂര്യകാന്തിയും വിരിഞ്ഞിരിക്കുകയാണ്. സ്കൂൾ കോമ്പൗണ്ടിലെ ഒഴിഞ്ഞുകിടന്നിരുന്ന അരഏക്കർ സ്ഥലത്താണ് പൂപ്പാടം തീർത്തിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് തൈകൾ നട്ടത്. തുടർച്ചയായി നാലാംവർഷമാണ് ഇവർ പൂപ്പാടം ഒരുക്കുന്നത്. മുൻവർഷം പൂപ്പാടം കാണാൻ വരുന്നവരിൽ നിന്ന് പത്ത് രൂപ തോതിൽ സമാഹരിച്ച് മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |