കൽപ്പറ്റ: പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ രണ്ടുവർഷത്തെ സേവനം പൂർത്തിയാക്കി വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ ഇന്ന് പടിയിറങ്ങും. പുതിയ കളക്ടറായി എത്തുന്ന വി. ചെൽസാസിനിക്ക് രാവിലെ 10.30ന് ചുമതല കൈമാറും. 2024 ജൂലൈ 10നാണ് ഡി.ആർ. മേഘശ്രീ വയനാട് കളക്ടറായി ചുമതലയേൽക്കുന്നത്. ചുമതലയേറ്റ് ഇരുപതാം ദിവസം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈചൂരൽമല ദുരന്തം നടന്നു. പരിചയക്കുറവിന്റെ പരിമിതികളെ മറികടന്ന് ധീരമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് മേഘശ്രീ നേതൃത്വം നൽകിയത്. വയനാട് ഒറ്റക്കെട്ടായി നിന്നതാണ് ദുരന്തത്തെ നേരിടാൻ സഹായകരമായതെന്നും, കാര്യമായ പരാതികളില്ലാതെ പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും അവർ പറഞ്ഞു. മുണ്ടക്കൈ ദുരന്തം കുറെയേറെ പാഠങ്ങൾ സമ്മാനിച്ചു. അതിനുശേഷം ഓരോ മഴക്കാലവും ജില്ല അതീവ ജാഗ്രതയോടെയാണ് നേരിട്ടത്. ഒരാൾക്ക് പോലും ജീവൻ നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ആ ലക്ഷ്യം കൈവരിക്കാനും കഴിഞ്ഞു. എന്നാൽ ഈ വർഷം കള്ളാടിയിൽ ദൗർഭാഗ്യകരമായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായി. ഓരോ ദുരന്തങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് ജില്ല മുന്നോട്ടുപോകുന്നതെന്നും കളക്ടർ വ്യക്തമാക്കി.
എസ്.ഐ.ആർ, മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്ന രണ്ടുവർഷമായിരുന്നു ഇത്. രണ്ടുവർഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങുമ്പോൾ മേഘശ്രീയുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി എത്തിയിരുന്നു. ജോലിയിൽ നിന്ന് റിലീവ് ചെയ്യാൻ എത്തിയപ്പോൾ കുഞ്ഞുവാവയും കൈകളിലുണ്ടായിരുന്നു. ജില്ലയിലെ അമ്പതിലേറെ വിദ്യാലയങ്ങളിലെ കുട്ടികളുമായി 'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിലൂടെ സംവദിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും, കഴിഞ്ഞ ദിവസം ഓൺലൈനായി അവസാന ഗുഡ് മോർണിംഗ് കളക്ടർ പരിപാടിയും സംഘടിപ്പിച്ചാണ് താൻ ചുമതല ഒഴിയുന്നതെന്നും മേഘശ്രീ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |