
പൂങ്കുന്നം റോഡിലേക്കും
എം.ജി.റോഡിലേക്കും ഫുട് ഓവർ ബ്രിഡ്ജുകൾ
തൃശൂർ: സ്ഥലമെടുപ്പ് കഴിഞ്ഞു വർഷങ്ങളായിട്ടും വികസനമില്ലാതെ കിടന്നിരുന്ന പടിഞ്ഞാറെ കോട്ട ജംഗ്ഷൻ വികസനത്തിന് വഴിയൊരുങ്ങുന്നു. ടൈൽ വിരിച്ച് എം.ജി.റോഡിലേക്കും പൂങ്കുന്നം റോഡിലേക്കും ഫുട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുക പ്രവർത്തനത്തിനാണ് കൗൺസിൽ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഫുട് ഓവറുകളിൽ പരസ്യങ്ങൾ സ്ഥാപിച്ച് അതിൽ നിന്ന് വരുമാനം കോർപ്പറേഷന് ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ചെയ്തിരിക്കുന്നത്. രാജൻ ജെ.പല്ലൻ എം.എൽ.എ മേയറായിരിക്കെയാണ് പടിഞ്ഞാറെ കോട്ടയിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കിയത്. തുടർന്ന് യാതൊരു തരത്തിലുള്ള വികസന പ്രവർത്തനങ്ങളും അവിടെ നടന്നിരുന്നില്ല.
കോർപ്പറേഷന് വാർഷിക വരുമാനം
പത്ത് വർഷത്തേക്ക് വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയും ഒരോ വർഷവും അഞ്ച് ശതമാനം വർദ്ധനവും നൽകണമെന്നാണ് വ്യവസ്ഥ. നിലവിൽ മൂന്നു സ്വകാര്യ എജൻസികളാണ് നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇതിൽ കൂടുതൽ സ്വീകാര്യമായസീറോ ഡിഗ്രിക്ക് നൽകുവാൻ യോഗം തീരുമാനിച്ചു.അതേ സമയം ഇന്നലെ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ വികസന പ്രവർത്തനത്തെ കുറിച്ച് സമഗ്രമായ വിശദീകരണം കൗൺസിലർമാർക്ക് നൽകണമെന്ന് പ്രതിപക്ഷ നേതാവ് ടി.ആർ.ഹിരണും ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ രഘുനാഥ്.സി.മേനോനും ആവശ്യപ്പെട്ടത്. കൗൺസിലർമാരെ എല്ലാം ബോധ്യപ്പെടുത്തിയ ശേഷമെ പദ്ധതിയുമായി മുന്നോട്ട് പോകുകയുള്ളുവെന്ന് മേയർ ഡോ.നിജി ജസ്റ്റിനും ഡെപ്യുട്ടി മേയർ എ.പ്രസാദും പറഞ്ഞു.
മറ്റ് ലക്ഷ്യങ്ങൾ
പടിഞ്ഞാറെ കോട്ട ജംഗ്ഷനിൽ പ്രതിമ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ ടൈൽ വിരിച്ച് സൗന്ദര്യവത്കരണം, എസ്ക്കലേറ്റർ എന്നിവ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |