SignIn
Kerala Kaumudi Online
Monday, 24 August 2026 4.04 AM IST

സദ്യയ്ക്ക് വില കൂടി, ഡിമാൻഡും

photo

കൊടുങ്ങല്ലൂർ: വിപണിയിലെ സാധനങ്ങളുടെ വിലവർദ്ധന തിരുവോണ സദ്യയിലും പ്രതിഫലിക്കുന്നു. സദ്യയൊരുക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും ഓണസദ്യ പാക്കേജുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടും ആവശ്യക്കാരും ഏറെയാണ്. ചോറിനൊപ്പം രണ്ടു കൂട്ടം പായസം ഉൾപ്പെടെ 20 മുതൽ 22 വരെ വിഭവങ്ങളാണ് പല പാക്കേജുകളിലും ഉൾപ്പെടുത്തുന്നത്. അഞ്ചുപേർക്കുള്ള സദ്യ ബോക്‌സിന് രജിസ്റ്റർ ചെയ്ത കാറ്ററിംഗ് സ്ഥാപനങ്ങൾ 2,100 മുതൽ 2,500 രൂപ വരെയാണ് ഈടാക്കുന്നത്. മൂന്ന് പേർക്കുള്ള ബോക്‌സിന് 1,350 മുതൽ 1,500 രൂപ വരെയാണ് നിരക്ക്. അരി, പാൽ, പച്ചക്കറി, തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയവയുടെ വില വർദ്ധിച്ചതോടെ ഇത്തവണ സദ്യയ്ക്ക് ഏകദേശം 100 രൂപയാണ് നിരക്ക് കൂട്ടിയത്. കഴിഞ്ഞ വർഷത്തേക്കാൾ പല സാധനങ്ങൾക്കും ഇരട്ടിയോളം വില വർദ്ധിച്ചിട്ടും ഓണസദ്യ പാക്കേജുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
ചോറ്, സാമ്പാർ, പൈനാപ്പിൾ പച്ചടി, കൂട്ടുകറി, മസാലക്കറി, അവിയൽ, തോരൻ, കാളൻ, പുളിഞ്ചി എന്നിവയ്‌ക്കൊപ്പം വിവിധതരം പായസങ്ങളും പാക്കേജിലുണ്ട്. വിഭവങ്ങളുടെ എണ്ണത്തിനും പ്രത്യേക വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിനും അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകും.


ഓൺലൈനിൽ ഡെലിവറി

സമൂഹമാദ്ധ്യമങ്ങളും വാട്‌സാപ്പുമാണ് പ്രധാന പ്രചാരണ മാർഗം. ഓൺലൈൻ ഫുഡ് ഡെലിവറിയിലൂടെയും വീടുകളിൽ തയാറാക്കിയ സദ്യ സ്ഥാപനങ്ങളിലെത്തിച്ചുനൽകുന്ന സംവിധാനത്തിലൂടെയും ഓർഡറുകൾ വിതരണം ചെയ്യുന്നുണ്ട്.
ഓഫീസുകൾ, കോളേജുകൾ എന്നിവിടങ്ങളിൽനിന്നുള്ള വലിയ ഓർഡറുകൾക്ക് പുറമെ വീടുകളിൽനിന്നും നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. അതേസമയം, വലിയ ഓഫറുകൾ പ്രഖ്യാപിച്ച് ഓണസദ്യയും പായസവും വിതരണം ചെയ്യുന്ന അനധികൃത സംഘങ്ങളും പ്രദേശത്ത് സജീവമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലരും പ്രവർത്തിക്കുന്നതെന്നാണ് പരാതി.


5 പേർക്കുള്ള ബോക്‌സ്
2,100 -2,500

3 പേർക്കുള്ള ബോക്‌സ്
1,350 -1,500

പാക്കേജിൽ പ്രധാനമായും

ചോറ്
സാമ്പാർ
പൈനാപ്പിൾ പച്ചടി
കൂട്ടുകറി
മസാലക്കറി
അവിയൽ
തോരൻ
കാളൻ
പുളിഞ്ചി
വിവിധ തരം പായസം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL