SignIn
Kerala Kaumudi Online
Sunday, 26 July 2026 4.41 AM IST

തേക്കിൻകാട് മൈതാനം: നിലപാടുകൾ 'രണ്ടുതട്ടിൽ '

photo

  • പൊതുഇടമാക്കണമെന്ന് രാഷ്ട്രീയ കക്ഷികൾ;
  • എതിർക്കുമെന്ന് ഹിന്ദു സംഘടനകൾ

തൃശൂർ: ഹൈക്കോടതി വിധിയോടെ തേക്കിൻകാട് മൈതാനത്ത് പൊതുപരിപാടികൾ ഒഴിവാക്കേണ്ടി വരുമെന്നത് അറിയിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ച സർവകക്ഷി യോഗത്തിൽ രാഷ്ട്രീയ സംഘടനകളും ഹിന്ദുസംഘടനകളും രണ്ടുതട്ടിൽ. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസുകൾ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളെല്ലാം മൈതാനം പൊതുഇടമായി നിലനിറുത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ക്ഷേത്രാചാരങ്ങൾക്ക് വിഘാതമുണ്ടാക്കരുത് എന്ന നിലപാടിലായിരുന്നു ബി.ജെ.പി. എന്നാൽ പൊതുഇടം നഷ്ടമാകുന്നതിന് പരിഹാരം വേണമെന്നും അവർ കൂട്ടിച്ചേർത്തു. വിധിക്കെതിരെ അപ്പീൽ പോകണമെന്ന അഭിപ്രായമാണ് രാഷ്ട്രീയ കക്ഷികൾ പങ്കുവച്ചത്. ക്ഷേത്ര സംരക്ഷണ സമിതി, പൂരപ്രേമി സംഘം, ഹിന്ദു ഐക്യവേദി, വി.എച്ച്.പി, ആർ.എസ്.എസ് തുടങ്ങിയ സംഘടനകളെല്ലാം ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ക്ഷേത്രാചാരങ്ങൾക്ക് പ്രാധാന്യം നൽകിമുന്നോട്ടുപോകണമെന്ന നിലപാടിലായിരുന്നു. ദേവസ്വം ബോർഡിന്റെ ചുമതല വിശ്വാസികൾക്കൊപ്പം നിൽക്കലാണെന്നും അവർ പറഞ്ഞു. അപ്പീൽ കൊടുക്കാൻ തീരുമാനമെടുക്കാനല്ല, കോടതിവിധി അറിയിക്കുന്നതിനായാണ് യോഗം വിളിച്ചതെന്നായിരുന്നു ആമുഖപ്രഭാഷണം നടത്തിയ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ വിശദീകരിച്ചത്.

മുൻ എം.എൽ.എ പി. ബാലചന്ദ്രൻ, പി.കെ. ഷാജൻ (സി.പി.എം), ഇ.എൻ. സതീശൻ (സി.പി.ഐ), സി.ആർ. വത്സൻ (കോൺഗ്രസ് എസ്), കെ.ബി. ജയറാം (കോൺഗ്രസ്), ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് (കേരള കോൺഗ്രസ് എം), പി.എം. ഏലിയാസ് (കേരള കോൺഗ്രസ് ജേക്കബ്), മോഹനകൃഷ്ണൻ (ക്ഷേത്ര സംരക്ഷണ സമിതി), ബൈജു താഴേക്കാട്ട് (പൂരപ്രേമി സംഘം), അസീസ് താണിപ്പാടം (മുസ്‌ലിം ലീഗ്), തോമസ് ജേക്കബ് (കേരള കോൺഗ്രസ്), വി. മുരളീധരൻ (ഹിന്ദു ഐക്യവേദി), വി.കെ. വെങ്കിടാചലം, വിജയൻ മേപ്പറമ്പത്ത് (ബി.ജെ.പി), മോഹനൻ മേനോൻ (വി.എച്ച്.പി), ലോനപ്പൻ (ഫോർവേഡ് ബ്ലോക്ക്), പി.എസ്. രഘുനാഥ് (ആർ.എസ്.എസ്) തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

രാഷ്ട്രീയ പാർട്ടികൾക്ക് മൈതാനം നൽകില്ലെന്ന വിധി പുനഃപരിശോധിക്കപ്പെടണം.പൊതുഇടമായി നിലനിറുത്തണം. കോടതിവിധിയെ തള്ളിപ്പറയാനാകില്ലെങ്കിലും മറികടക്കാനുള്ള വഴി തേടണം.

- പി.കെ. ഷാജൻ, സി.പി.എം

ജാതിമത - രാഷ്ട്രീയ ഭേദമന്യേ സ്വാതന്ത്ര്യലബ്ധിക്ക് മുൻപേ ഉപയോഗിച്ച വിശ്വാസകോശം പൊതുഇടമായി തന്നെ നിലനിറുത്തപ്പെടണം. വിധി പുനഃപരിശോധിക്കപ്പെടണം.

- ഇ.എൻ. സതീശൻ, സി.പി.ഐ

ഗാന്ധിയും നെഹ്റുവും മോദിയും വരെ പ്രസംഗിച്ച മൈതാനം ഇന്നലെ വരെ എങ്ങനെയായിരുന്നുവോ അതുപോലെ നിലനിറുത്തപ്പെടണം. പൂജാദികർമ്മങ്ങൾക്ക് ഇതേവരെ വിഘാതം വന്നിട്ടില്ല. ഇനിയും ഉണ്ടാകില്ല.

- സി.ആർ. വത്സൻ, കേരള കോൺഗ്രസ് എസ്

രാഷ്ട്രീയ കക്ഷികളെ ഒറ്റപ്പെടുത്തിയുള്ള വിധി വിവേചനപരം. ക്ഷേത്രാചാരങ്ങൾക്ക് തടസം വരാതെ പൊതുഇടമായി നിലനിറുത്തണം. അതിനായി മുന്നോട്ടുപോകണം.

-കെ.ബി. ജയറാം, കോൺഗ്രസ്

ജനാധിപത്യവും ആചാരവും ഒരുപോലെ സംരക്ഷിക്കപ്പെടണം. നിബന്ധനകൾ വേണമെങ്കിൽ നടപ്പാക്കാം, പൊതുപരിപാടികൾ ഒഴിവാക്കപ്പെടരുത്.

- ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, കേരള കോൺഗ്രസ് എം

അഷ്ടമംഗലപ്രശ്നപ്രകാരം തേക്കിൻകാടല്ല, വടക്കുന്നാഥ ക്ഷേത്രമൈതാനമാണിത്. കോടതിവിധിക്കെതിരെ അപ്പീൽ പോയാൽ എതിർക്കാൻ ഏതറ്റം വരെയും പോകും. നെഹ്‌റു പാർക്കിനും ജല അതോറിറ്റിക്കും നൽകിയ ഭൂമിക്ക് വാടക ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കപ്പെടണം.

- സതീഷ് ചന്ദ്രൻ, ക്ഷേത്ര സംരക്ഷണ സമിതി

എം.ജി. റോഡിലൂടെ ജാഥകൾ പോകുമ്പോൾ വിശ്വാസികൾ കുറുകെ കടക്കാനാകുന്നില്ല. 50000 - 60000 ഡെസിബെൽ ശബ്ദത്തിൽ മൈക്ക് കെട്ടി പ്രസംഗിക്കുന്നത് മൂലം ക്ഷേത്രത്തിനകത്തെ വിശ്വാസികൾക്ക് തടസമാകുന്നുണ്ട്.

- ബൈജു താഴേക്കാട്ട്, പൂരപ്രേമി സംഘം

ദേവസ്വം ബോർഡ് സർവകക്ഷി യോഗത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. വടക്കുന്നാഥ ക്ഷേത്രമൈതാനം എന്ന ബോർഡ് ചുറ്റും വയ്ക്കണം. വേലി തന്നെ വിളവ് തിന്നുന്നുണ്ട്.

- വി. മുരളീധരൻ, ഹിന്ദു ഐക്യവേദി.

കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ഭൂമികയിൽ പ്രധാന സ്ഥാനമുള്ള മുസ്‌ലിം ലീഗിന് കൂടി തേക്കിൻകാട് മൈതാനം അനുവദിച്ച് തരണം.

- അസീസ് താണിപ്പാടം, മുസ്‌ലിം ലീഗ്

രാഷ്ട്രീയ കക്ഷി എന്ന നിലയിൽ വിഷമമുണ്ടെങ്കിലും വിശ്വാസത്തിനെതിരെ നിൽക്കില്ല. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തണം. പ്രശ്നപരിഹാരം വേണം.

- വിജയൻ മേപ്പറമ്പത്ത്, ബി.ജെ.പി

ക്ഷേത്രം പൊതുഇടമല്ല. ദേവസ്വം ബോർഡ് കെയർ ടേക്കർ മാത്രമാണ്. ആചാരവിരുദ്ധതയ്ക്ക് കൂട്ട് നിന്നാൽ ഒരുമിച്ച് എതിർക്കും.

- മോഹനൻ മേനോൻ, വി.എച്ച്.പി

തേക്കിൻകാടിനെ വടക്കുന്നാഥ ക്ഷേത്രമൈതാനം എന്നാക്കിയത് ഇടതുകാലത്താണ്. അന്ന് എതിർത്തില്ല. ആ സ്വഭാവം നിലനിറുത്തിയാൽ മതിയല്ലോ. അഷ്ടമംഗലപ്രശ്നവും ജ്യോത്സ്യവും ഒന്നുമല്ല പൊതുഇടങ്ങളെ നിശ്ചയിക്കേണ്ടത്.

- പി. ബാലചന്ദ്രൻ, മുൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL