SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.32 AM IST

വിസ്മൃതിയിലായ മാമം കന്നുകാലിച്ചന്ത

mamam-chantha

ആറ്റിങ്ങൽ: പേരും പെരുമയും വർഷങ്ങൾ പഴക്കവുമുള്ള ആറ്റിങ്ങൽ മാമം കന്നുകാലിച്ചന്ത വിസ്മൃതിയിലാകുന്നു. തിരുവിതാംകൂറിലെ രാജഭരണകാലം മുതലുള്ള കന്നുകാലിച്ചന്തയാണ് നിലവിൽ പേരിനു മാത്രം പ്രവർത്തിക്കുന്നത്. ചന്തയിൽ നിന്ന് കന്നുകാലികളെ വാങ്ങാനും വിൽക്കാനും കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര,കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരാണെത്തിയിരുന്നത്. ആഴ്ചയിൽ തിങ്കളാഴ്ച മാത്രം പ്രവർത്തിച്ചിരുന്ന ചന്തയ്ക്ക് മൃഗങ്ങളെ വിൽക്കാനും വാങ്ങാനും പറ്റിയ ഏറ്റവും നല്ല ചന്ത എന്ന ഖ്യാതിയുമുണ്ട്. നിലവിൽ കൃഷിയും അനുബന്ധജോലികളും നിലച്ചതോടെ കന്നുകാലിച്ചന്തയുടെ പ്രവർത്തനങ്ങളും ശോഷിച്ച സ്ഥിതിയാണ്. അറവു മൃഗങ്ങളെത്തുന്ന ചന്തയായി ഇവിടം മാറിയിട്ടുണ്ട്. കൊവിഡ് സമയത്ത് ചന്തയുടെ പ്രവർത്തനം നിലച്ച മട്ടായിരുന്നു. ലോറിയിലെത്തുന്ന അറവുമാടുകളെ ഇപ്പോൾ ഇറച്ചിവില്പനക്കാർ ഫോൺ മുഖേന നേരിട്ട് വിളിച്ച് വാങ്ങുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

അടിസ്ഥാന സൗകര്യം വേണം

നിരവധി പേരെത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കന്നുകാലികളെ മഴയും വെയിലും ഏൽക്കാതെ സംരക്ഷിക്കാൻ കെട്ടിടങ്ങളും ആവശ്യമാണ്.

ചരിത്രത്തിൽ ഒതുങ്ങി

തിരുവിതാംകൂറിന്റെ സ്ഥലം ആറ്റിങ്ങൽ നഗരസഭ കുത്തക പാട്ടം നൽകിയിരുന്ന കാലത്താണ് 1979 ൽ ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്നും നാലര ഏക്കർ വസ്തു സംസ്ഥാന കൃഷി ഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച കോക്കനാട്ട് കോംപ്ലക്സിന് നൽകിയത്. ബാക്കിയുള്ള അഞ്ചേക്കറോളം വസ്തുവിൽ തുടർന്നും കന്നുകാലിച്ചന്ത പ്രവർത്തിച്ചിരുന്നു. 2000 ത്തിൽ നഗരസഭയും ആർ.ടി അധികൃതരും ചേർന്ന് സ്വകാര്യ ബസ് സ്റ്റാൻഡ് ഇവിടേക്ക് മാറ്റാൻ ശ്രമിച്ചു.അതിനായി ലക്ഷങ്ങൾ ചെലവഴിച്ച് വിശ്രമകേന്ദ്രം അടക്കം ഒന്നിലധികം കെട്ടിടങ്ങളും നിർമ്മിച്ചു.സ്വകാര്യ ബസ് ഉടമകളുടെ എതിർപ്പിനെ തുടർന്ന് ബസ് സ്റ്റാൻഡ് മാറ്റം ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് ചന്തയുടെ ഭൂമി കേസിൽപ്പെടുകയും ചെയ്തു. അതോടെ മുകളിൽ ബസ് സ്റ്റാൻഡും താഴെ കന്നുകാലിച്ചന്തയെന്ന സ്വപ്നവും അവസാനിച്ചു.

 മാമത്തെ കന്നുകാലി ചന്ത സംരക്ഷിക്കാനും നവീകരിക്കാനും നടപടി വേണം.- പാട്ടത്തിൽ ജോയി ആറ്റിങ്ങൽ

ചിത്രം മാമത്തെ കന്നുകാലിച്ചന്ത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, ATTINGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL