SignIn
Kerala Kaumudi Online
Saturday, 24 October 2026 5.31 AM IST

മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്,​ തിയേറ്ററുകളിലെ ദൃശ്യങ്ങൾ ചോർന്നത് മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണം

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെക്കുറിച്ച് മുതിർന്ന പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഉത്തരവ്. ഹൈടെക് സെല്ലിന്റെ സഹായവും തേടണം. അന്വേഷണം ഊർജ്ജിതമാക്കി കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം നടപടി സ്വീകരിക്കണം. സ്വകാര്യതാ ലംഘനം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാനത്തെ എല്ലാ സിനിമാ തിയേറ്ററുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ നിന്നുള്ള സി.സി.ടിവി ദൃശ്യങ്ങൾ ചോർന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത് സംബന്ധിച്ച് സൈബർ സെല്ലിൽ നിന്ന് വിവരം ലഭിച്ചതായി ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യതാലംഘനം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കുറ്റക്കാരെ കണ്ടെത്താൻ എ.ഡി.ജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്. സൈബർ സെല്ലിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ദൃശ്യങ്ങൾ ഏത് കാലഘട്ടത്തിലാണ് ചോർന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കെ.എസ്.എഫ്.ഡി.സി എം.ഡിയുടെ റിപ്പോർട്ടിൽ പറഞ്ഞു.

പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് സൈബർ പൊലീസ് ഇൻസ്പെക്ടർ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL