SignIn
Kerala Kaumudi Online
Sunday, 20 September 2026 8.26 PM IST

ജൈവവൈവിദ്ധ്യ മ്യൂസിയത്തിൽ 'റിവർ മ്യൂസിയം' വരുന്നു

vallakkadavu


തിരുവനന്തപുരം: വള്ളക്കടവിലെ ജൈവവൈവിദ്ധ്യ മ്യൂസിയത്തിൽ ഇനി നദികളെക്കുറിച്ചും വിശദമായി അറിയാം.ജൈവ വൈവിദ്ധ്യത്തിന്റെ അറിവുകൾ പകരുന്ന കാഴ്ചകൾക്കൊപ്പമാണ് നദികളെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം ഒരുക്കുന്നത്.മ്യൂസിയം സ്ഥാപിക്കുന്നതിനായി സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് കഴിഞ്ഞ ദിവസം താത്പര്യപത്രം ക്ഷണിച്ചു. വിശദമായ പദ്ധതി റിപ്പോർട്ട് രൂപകല്പന,നിർവഹണം, പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി യോഗ്യരായ സർക്കാർ സ്ഥാപനങ്ങൾ,സ്വയംഭരണ സ്ഥാപനങ്ങൾ,മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്.എത്രയും വേഗം നിർമ്മാണം നടത്തി റിവർ മ്യൂസിയം സജ്ജമാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

44 നദികളെക്കുറിച്ച് സമഗ്രമായി അറിയാം


കേരളത്തിലെ 44 നദികളുടെ പാരിസ്ഥിതിക,ഭൂമിശാസ്ത്ര,സാംസ്‌കാരിക,ശാസ്ത്രീയ പ്രാധാന്യം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിചയപ്പെടുത്തുന്ന രീതിയിലാണ് റിവർ മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്.44 നദികളുടെയും സെൻസർ അധിഷ്ഠിത 3ഡി മാപ്പ്,നദികളുടെ ഡിജിറ്റൽ വിവര പാനലുകൾ,മലയാളം,ഇംഗ്ലീഷ്,തമിഴ് ഭാഷകളിലുള്ള ഓഡിയോ-വിഷ്വൽ അവതരണങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാകും. മ്യൂസിയത്തിനകത്തെ കുളത്തിന്റെ പരിസര സൗന്ദര്യവത്കരണം,സന്ദർശക സൗകര്യങ്ങൾ,പക്ഷികളുടെ പ്രവേശനം തടയുന്നതിനുള്ള സംരക്ഷണ സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ ജൈവവൈവിദ്ധ്യ മ്യൂസിയം


രാജ്യത്തെ ആദ്യ ജൈവവൈവിദ്ധ്യ മ്യൂസിയമാണിത്. ലോകത്തിലെ ജൈവ വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള കാഴ്ചകൾ പങ്കു വയ്ക്കുന്ന ത്രിമാന തിയറ്റർ,ജൈവ വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗങ്ങളും വിളിച്ചോതുന്ന പ്രദർശനങ്ങൾ,ബയോ ഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ട് എന്നിവ മ്യൂസിയത്തിലെ പ്രധാന കാഴ്ചകളാണ്.ശില്പങ്ങൾ, മൾട്ടിമീഡിയാ സിസ്റ്റം ,ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. 2018ലാണ് മ്യൂസിയം പ്രവർത്തനം തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL