SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.57 AM IST

ദളവയുടെ സ്മരണകളുറങ്ങുന്ന ഭൂമി​, മണ്ണടിയിൽ വേണം പൈതൃക ടൂറിസം

dalava

മണ്ണടി : നാടിന്റെ മോചനത്തി​നും പരമാധികാരത്തിനും വേണ്ടി ബ്രി​ട്ടീഷ് സാമ്രാജ്യത്തി​നെതി​രെ പോരാടി​ ജീവത്യാഗം ചെയ്ത ധീരദേശാഭി​മാനി​ വേലുത്തമ്പി​ ദളവയുടെ സ്മരണകളുറങ്ങുന്ന മണ്ണടി​

ചരിത്രസ്മൃതി​കളുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഈറ്റില്ലമാണ്. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി ഗ്രാമവും ഇവി​ടുത്തെ സ്മാരകങ്ങളും ക്ഷേത്രങ്ങളും പ്രകൃതിഭംഗിയും ആചാര വൈവിദ്ധ്യങ്ങളും പൈതൃക ടൂറിസത്തി​ന് നൽകുന്ന സാദ്ധ്യതകൾ ചെറുതല്ല. എന്നാൽ മാറിവന്ന സർക്കാരുകളോ പ്രാദേശിക ഭരണകൂടങ്ങളോ ഇക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്തിട്ടില്ല. അടൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് മണ്ണടി. വേലുതമ്പി ദളവ മ്യൂസിയവും കാമ്പിത്താൻ കടവിലെ കൽമണ്ഡപവും പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് എന്നതൊഴിച്ചാൽ ചരിത്രവും പൈതൃകവും പ്രകൃതിഭംഗിയുമൊക്കെ സംരക്ഷിക്കാൻ കാര്യമായ പദ്ധതികളൊന്നും ഇവി​ടെയി​ല്ല.

സാദ്ധ്യതകളേറെ

കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതി​യി​ൽ ഉൾപ്പെടുത്തി​ മണ്ണടിയിൽ പൈതൃക ടൂറിസം പദ്ധതി നടപ്പാക്കാൻ സാദ്ധ്യതകളേറെയാണുള്ളത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ചാകും പരിഗണന ലഭിക്കുക. ഇതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. മണ്ണടി ഗ്രാമപഞ്ചായത്തിന് ഇക്കാര്യത്തിൽ നേരിട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാൻ കേരള ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് എന്നൊരു പദ്ധതിയുണ്ട്. വിനോദസഞ്ചാര സാദ്ധ്യതയുള്ള പ്രദേശം തിരഞ്ഞെടുത്ത് വിശദമായ പദ്ധതിരേഖ തയ്യാറാക്കി ഓൺലൈൻ പോർട്ടലിലൂടെ സമർപ്പിക്കണം. ടൂറിസം വകുപ്പിന്റെ വിഹിതം പദ്ധതി ചെലവിന്റെ 60% വരെയാണ്. ബാക്കി തുക പഞ്ചായത്ത് സ്വന്തം ഫണ്ടിൽനിന്നോ മറ്റ് ലഭ്യമായ ഫണ്ടുകളിൽനിന്നോ കണ്ടെത്തേണ്ടതുണ്ട്.

പൈതൃക ടൂറിസം സർക്യൂട്ടിൽ

◾വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം ◾കാമ്പിത്താൻ കടവ് – കൽമണ്ഡപം ◾ കേരള ഫോക്‌ലോർ ആൻഡ് ഫോക് ആർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ◾അറവാക്കച്ചാണി ഗുഹ ◾വേലുത്തമ്പി ദളവ ഗ്രന്ഥശാല ◾മണ്ണടി പഴയകാവ് ഭഗവതി ക്ഷേത്രം ◾.മുടിപ്പുര ക്ഷേത്രം ◾മണ്ണടി പഴയകാവ് ക്ഷേത്രം.

ആചാര വൈവിദ്ധ്യങ്ങൾ

◾ഉച്ചബലി മഹോത്സവം ◾തിരുമുടി എഴുന്നള്ളത്ത് ◾. മുടിപ്പേച്ച് ◾കളമെഴുത്തും പാട്ടും ◾കാളിയൂട്ട് ◾അടവിയും ബലിക്കുടയും

ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് മണ്ണടി ഗ്രാമം കടന്നുവരുന്നത് ഗ്രാമവികസനത്തിനും ഗുണകരമാണ്. മണ്ണടിയിലേക്ക് കൂടുതൽ സഞ്ചാരി​കൾ എത്തിയാൽ പ്രാദേശിക വ്യാപാരികൾക്ക് വരുമാനമുണ്ടാകും.ടൂറിസ്റ്റ് ഗൈഡ്, ഡിജിറ്റൽ പ്രചാരണം, ഭക്ഷണ - താമസ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ തൊഴിൽ സാദ്ധ്യത സൃഷ്ടിക്കപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL