പത്തനംതിട്ട : വഞ്ചനക്കേസിൽ തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിന് ഒൻപത് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബഡ്സ് ആക്ട് പ്രകാരം (ബാനിംഗ് ഒാഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് 2019) പ്രകാരമുള്ള കേസുകളിലെ ജില്ലയിലെ ആദ്യത്തെ ശിക്ഷാവിധിയാണിത്. പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് എഫ് മിനിമോൾ വിധി പ്രസ്താവം നടത്തി. കോന്നി അരുവാപ്പുലം ഇളയാംകുന്ന് റെജിയുടെ പരാതിയിൽ പത്തനംതിട്ട പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി ഉണ്ടായത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരന്റെ ബന്ധുക്കളിൽ നിന്ന് 8,70,000 രൂപയാണ് ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസ് ഉടമ ഓമല്ലൂർ തറയിൽ ഹൗസിൽ സജി സാം വാങ്ങിയത്. ഇത്തരത്തിൽ നിരവധി ആളുകളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാത്തതിന് പരാതി ഉണ്ടായിരുന്നു.
അന്നത്തെ പത്തനംതിട്ട സബ് ഇൻസ്പെക്ടറായിരുന്ന എസ്.ഷൈജു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തു. തുടർന്നുവന്ന സബ് ഇൻസ്പെക്ടർ സാജൻ പീറ്റർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബിന്നി ഹാജരായി. കോടതി നടപടികൾ സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ് കൃഷ്ണൻ ഏകോപിപ്പിച്ചു.
ബഡ്സ് ആക്ട്
ജനങ്ങളുടെ പക്കൽ നിന്ന് അനധികൃതമായും ഉയർന്ന പലിശ വാഗ്ദാനം ചെയ്തും മറ്റും പണം തട്ടിയെടുക്കുന്ന നിക്ഷേപത്തട്ടിപ്പുകൾ തടയുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണിത്.
അംഗീകൃതമല്ലാത്തതും ജനങ്ങളെ കബളിപ്പിക്കുന്നതുമായ എല്ലാത്തരം നിക്ഷേപ പദ്ധതികളും നിരോധിക്കുക, നിക്ഷേപകരുടെ പണം സുരക്ഷിതമായി തിരിച്ചുപിടിക്കാൻ സഹായിക്കുക എന്നിവയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
അധികാരങ്ങൾ: അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആസ്തികളും സ്വത്തുക്കളും കണ്ടുകെട്ടാനും, അത് വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകാനും സർക്കാരിന് കീഴിലുള്ള കോംപിറ്റന്റ് അതോറിറ്റിക്ക് ഇതിലൂടെ അധികാരം ലഭിക്കുന്നു. കേരളത്തിൽ ജില്ലാ കളക്ടർമാരും ഇതിനായി പ്രത്യേക ചുമതലകൾ നിർവഹിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |