SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.33 AM IST

ദേശീയപാതയിലെ പണി... ജനങ്ങൾക്ക് എട്ടിന്റെ പണി

veed
കഞ്ചിക്കോട് ദേശീയ പാതയ്ക്ക് സമീപത്തുള്ള വീട്ടിൽ വെള്ളം കയറിയ നിലയിൽ.

 കഞ്ചിക്കോട് മേഖലയിൽ വെള്ളപ്പൊക്കം

കഞ്ചിക്കോട്: ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം മഴവെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് കഞ്ചിക്കോട് മേഖലയിൽ വെള്ളപ്പൊക്കം. ഒറ്റ രാത്രിയിലെ മഴയിൽ വെള്ളം കയറാത്ത ഒരിടവും ഇവിടെ ബാക്കിയില്ല. സർവീസ് റോഡുകൾ മുങ്ങി. ദേശീയപാതയോട് ചേ‌ർന്നുള്ള വീടുകളിൽ വെള്ളം കയറി. മുമ്പ് ഇതിലും വലിയ മഴയുണ്ടായിട്ടും ഒട്ടും ബാധിക്കാത്ത പ്രദേശങ്ങളിലാണ് ഞായറാഴ്ച രാത്രി പെയ്ത മഴയിൽ വെള്ളം കയറിയത്. വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം വരെയുണ്ടായി.

മഴ പെയ്താലുണ്ടാകുന്ന നീരൊഴുക്കിനെ കുറിച്ച് ഒട്ടും ചിന്തിക്കാതെയുള്ള നിർമ്മാണ പ്രവർത്തനമാണ് വെള്ളപ്പൊക്കത്തിന് വഴിയൊരുക്കിയതെന്നു ജനങ്ങൾ പറയുന്നു. മഴവെള്ളം ഒഴുകിപ്പോകേണ്ട ഡ്രെയിനേജുകൾ കുറെ ഭാഗം പൊളിച്ചിട്ട നിലയിലാണ്. ചിലയിടങ്ങളിൽ ആഴത്തിൽ ചാല് കീറിയിട്ടിരിക്കുകയാണ്. നിർമ്മാണം പൂർത്തീകരിച്ച ഭാഗങ്ങളിലും വെള്ളം ഒഴിഞ്ഞു പോകാനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. റോഡരികിലെ ചാലുകൾ നിറഞ്ഞ് വെള്ളം സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ഒഴുകിയതാണ് പ്രശ്നമായത്. വെള്ളം ഒഴിഞ്ഞ് പോകുന്ന സ്ഥലങ്ങളിൽ മണ്ണും മെറ്റലും കൂട്ടിയിട്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഇപ്പോൾ സ്ഥിതി സാധാരണ ഗതിയിലായിട്ടുണ്ട്. ഇനി കനത്ത മഴ ഉണ്ടാകുന്നതിന് മുമ്പ് നീരൊഴുക്ക് തടസപ്പെടുന്ന ഭാഗങ്ങളിലെ തടസം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ഹൈവേ അതോറിറ്റി മുഖവിലക്കെടുത്തിട്ടില്ല. ഇന്നലെയും ഷെഡ്യൂൾ ചെയ്ത ജോലികളുമായി മുന്നോട്ട് പോവുകയാണ് ചെയ്തത്. ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ മൂലം വീടുകളിൽ വെള്ളം കയറിയതിൽ പ്രതിഷേധിച്ച് പുതുശ്ശേരി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഹൈവേ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ഉപരോധ സമരം നടത്തി.

ദേശീയപാത നിർമ്മാണത്തിലെ അപാകതകളാണ് വീടുകളിൽ വെള്ളം കേറാൻ കാരണമായത്. പല തവണ പഞ്ചായത്തും പൊതുജനങ്ങളും പരാതിപ്പെട്ടെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ റോഡുകൾ തോണ്ടി ഇടുന്നതും വെള്ളം ഒഴിഞ്ഞ് പോകാൻ പറ്റാത്ത വിധത്തിൽ ഡ്രെയിനേജ് വർക്കുകൾ ചെയ്യുന്നതും തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. ഇപ്പോൾ വെള്ള പൊക്കവും ആയി.

- ഷീല, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL