കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനാകാതെ കർഷകർ
പാലക്കാട്: ശക്തമായ തുലാമഴ തുടരുന്നതിനിടെ കൊയ്‌തെടുത്ത നെല്ല് സംരക്ഷിക്കാനാകാതെ കർഷകർ പ്രതിസന്ധിയിൽ. മഴയിൽ നെല്ല് നനഞ്ഞ് ഗുണനിലവാരം കുറയുമെന്ന ആശങ്കയ്‌ക്കൊപ്പം ഉണക്കുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുടെ അഭാവവും കർഷകരെ വലയ്ക്കുന്നു. വിളവെടുപ്പിനു പിന്നാലെ നെല്ല് ഉണക്കി സുരക്ഷിതമായി സൂക്ഷിക്കേണ്ട സമയത്താണ് മഴ തടസമാകുന്നത്. മഴ തുടർന്നാൽ നെല്ല് ആവശ്യത്തിന് ഉണക്കാനാകാതെ വരും. നനഞ്ഞ നെല്ല് ദീർഘനേരം സൂക്ഷിക്കേണ്ടിവരുന്നത് ഗുണനിലവാരത്തെയും സംഭരണത്തെയും പ്രതികൂലമായി ബാധിക്കും. മഴ മാറുന്ന ഇടവേളകളിൽ നെല്ല് ഉണക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനും കർഷകർ പാടുപെടുകയാണ്. പാട്ടത്തിനെടുത്ത പാടങ്ങളിൽ കൃഷിയിറക്കുന്നവർക്ക് പ്രതിസന്ധി കൂടുതലാണ്. പാട്ടത്തുക, വിത്ത്, വളം, തൊഴിലാളികൾ, യന്ത്രങ്ങൾ എന്നിവയ്ക്കായി വലിയ തുക ചെലവഴിച്ചാണ് കർഷകർ വിളവെടുപ്പിലെത്തുന്നത്. ഈ ഘട്ടത്തിൽ ഉണങ്ങിയ നെല്ല് കൊയ്ത്തിനു ശേഷം നനഞ്ഞ് ഗുണനിലവാരം കുറയുകയോ സംഭരണം വൈകുകയോ ചെയ്താൽ അധ്വാനത്തിനൊപ്പം സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരും. നെല്ല് ഉണക്കുന്നതിനും താൽക്കാലികമായി സൂക്ഷിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം സംഭരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കഴിയണം. കർഷകരുടെ അധ്വാനവും ഉൽപ്പാദനച്ചെലവും നഷ്ടപ്പെടാതിരിക്കാൻ വിളവെടുപ്പിനു ശേഷമുള്ള സംരക്ഷണത്തിനും തുല്യപ്രാധാന്യം നൽകേണ്ടതുണ്ട്.
മഴ, രണ്ടാംവിളയ്ക്ക് പ്രതീക്ഷ
അതേസമയം തുലാമഴയിൽ വിളവെടുത്ത നെല്ല് സംരക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അടുത്ത കൃഷിക്ക് മഴ അനിവാര്യമാണ്. നെൽകൃഷിയിൽ പ്രധാനപ്പെട്ട രണ്ടാംവിളകൾക്ക് തുടക്കഘട്ടത്തിൽ നിലമൊരുക്കുന്നതിനും വിതയ്ക്കുന്നതിനും ഞാറുനടുന്നതിനും ആവശ്യത്തിന് ജലം ലഭിക്കേണ്ടതുണ്ട്. മഴ കൃത്യമായ അളവിലും സമയത്തും ലഭിച്ചാൽ കൃഷിപ്പണികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. മഴ കുറഞ്ഞാൽ ജലസേചനത്തെ ആശ്രയിക്കേണ്ടിവരുന്നതും കൃഷിച്ചെലവ് വർദ്ധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സംസ്ഥാനത്ത് മഴ കുറവായിരുന്നു. 2026 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ കേരളത്തിൽ സാധാരണ ലഭിക്കേണ്ട 2,018.6 മില്ലിമീറ്റർ മഴയ്ക്കു പകരം 1,446.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. പാലക്കാട്ട് സാധാരണയേക്കാൾ 30 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. ഇതോടെ വരും മാസങ്ങളിലെ ജലലഭ്യതയിൽ തുലാമഴയ്ക്ക് പ്രാധാന്യമേറയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |