SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.31 AM IST

ചെമ്മണാംപതി-തേക്കടി വനപാത സർവ്വേ പുരോഗമിക്കുന്നു

vanapatha
ചെമ്മണാംപതി-തേക്കടി വനപാതയുടെ സർവ്വേ നടപടികൾ മുതലമട പഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു.

മുതലമട: സ്വന്തം പഞ്ചായത്തിലേക്ക് പോകാൻ അന്യസംസ്ഥാനം ചുറ്റണമെന്ന പറമ്പിക്കുളം നിവാസികളുടെ ഗതികേടിന് അറുതിയാകുന്നു. മുതലമട ഗ്രാമപഞ്ചായത്തിലെ ചെമ്മണാംപതി-തേക്കടി വനപാതയ്ക്കുള്ള സർവ്വേ നടപടികൾ പുരോഗമിക്കുന്നു. വനപാത ആദ്യം ആദിവാസികൾ വെട്ടിത്തെളിച്ചതിന് ശേഷം ചെമ്മണാംപതിയിൽ നിന്നും തേക്കടിയിലേക്കുള്ള സർവ്വേയാണിപ്പോൾ നടക്കുന്നത്. സർവ്വേ നടക്കുന്ന സ്ഥലം മുതലമട പഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.മുഹമ്മദ് മൂസ, മെമ്പർമാരായ കെ.വിനീഷ്, നന്ദിനി തുടങ്ങിയവർ സന്ദർശിച്ചു.

 65 കിലോമീറ്റർ ചുറ്റലിന് അറുതി

നിലവിൽ മുതലമടയിൽ നിന്നും പറമ്പിക്കുളത്തേക്ക് പോകണമെങ്കിൽ തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമല വഴി 65 കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. ഒരാൾക്ക് വന്ന് പോകാൻ മാത്രം 3500 രൂപ ചിലവാകും. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ വനപാത നിർമ്മിക്കാൻ വനംവകുപ്പ് അനുമതി നൽകിയതോടെയാണ് പതിറ്റാണ്ടുകളായുള്ള ദുരിതത്തിന് അറുതിയാകുന്നത്.

ആകെ ദൂരം 10 കിലോമീറ്ററാണ്. ചെമ്മണാംപതി മുതൽ തേക്കടി വരെ 3.5 കി.മീ ഫുട്പാത്തായും തേക്കടി മുതൽ 6.5 കിലോമീറ്റർ ജീപ്പ് ഗതാഗത സൗകര്യമായുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. തേക്കടി മുതൽ പറമ്പിക്കുളം വരെ 3.8 കിലോമീറ്ററിൽ 69 മരങ്ങൾ മുറിച്ചുമാറ്റി 600 മീറ്റർ കോൺക്രീറ്റ് ചെയ്യും. വെള്ളക്കൽതിട്ട മുതൽ തേക്കടി വരെ (6.5 കി.മീ) വയർ ഫെൻസിംഗ്, വലിയ പാറക്കെട്ടുകൾ, മരക്കുറ്റികൾ തുടങ്ങിയ തടസങ്ങൾ മാറ്റി സൈഡ് പ്രൊട്ടക്ഷൻ വാൾ, മണ്ണ് ചാനൽ എന്നിവ നിർമ്മിക്കും. 2020 ഒക്ടോബർ 2ന് ചെമ്മണാംപതിയിൽ നിന്ന് ആദിവാസികൾ ആരംഭിച്ച വഴി വെട്ടൽ സമരമാണ് വനപാത നിർമ്മാണത്തിലേക്കു നയിച്ചത്. അന്ന് ഭൂമി ഏറ്റെടുക്കൽ തടസ്സമായിരുന്നു. സമരത്തിന്റെ പേരിൽ 700 കേസുകളാണ് വനംവകുപ്പ് ആദിവാസികൾക്കെതിരെ എടുത്തിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL