SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.00 PM IST

കോടികളുടെ വരുമാനം; സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ല: 18 സബ് രജിസ്ട്രാർ ഓഫീസുകൾ വാടകക്കെട്ടിടങ്ങളിൽ

ffff

മലപ്പുറം: ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ ഭൂമി രജിസ്‌ട്രേഷനുകളും മറ്റ് ഇടപാടുകളും വഴി സർക്കാരിലേക്ക് ഭീമമായ തുകയുടെ വരുമാനം ലഭ്യമാക്കുമ്പോഴും മലപ്പുറം ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെ അവസ്ഥ ദയനീയമായി തുടരുന്നു. സ്വന്തമായി ഒരിഞ്ചു ഭൂമി പോലുമില്ലാതെ 18 സബ് രജിസ്ട്രാർ ഓഫീസുകളാണ് നിലവിൽ സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടങ്ങളിൽ പ്രവ‌ർത്തിക്കുന്നത്. ജില്ലയിലാകെയുള്ള 27 സബ് രജിസ്ട്രാർ ഓഫീസുകളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സബ് രജിസ്ട്രാർ ഓഫീസുകൾ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയെന്ന ദുരിതപ്പേരും മലപ്പുറത്തിന സ്വന്തമാണ്.

ആധാരം രജിസ്‌ട്രേഷൻ, വിവാഹ രജിസ്‌ട്രേഷൻ, കുടിശ്ശിക പകർപ്പ് (എൻകംബറൻസ്), രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെയും മറ്റ് രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,​ ഭൂമിയുടെ ന്യായവില പരിശോധിക്കാനുള്ള സഹായം,​ പുതിയ ചിട്ടികൾ തുടങ്ങുന്നതിനുള്ള അനുമതിയും അതുമായി ബന്ധപ്പെട്ട രേഖകളുടെ രജിസ്‌ട്രേഷനും,​ സൊസൈറ്റി രജിസ്‌ട്രേഷൻ,​ വ്യക്തികൾക്ക് പകരമായി മറ്റൊരാൾക്ക് അധികാരം നൽകുന്ന പവർ ഓഫ് അറ്റോർണി രേഖകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പ്രതിദിനം നൂറുകണക്കിന് ആളുകളാണ് ഈ ഓഫീസുകളിൽ കയറിയിറങ്ങുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പ്രധാന ഫയലുകളും രേഖകളും സൂക്ഷിക്കുന്ന ഈ ഓഫീസുകളിൽ ഭൂരിഭാഗവും ഇടുങ്ങിയ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിട്ടുണ്ട്. സ്വന്തമായി സ്ഥലം കണ്ടെത്താൻ വർഷങ്ങളായി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുയോജ്യമായ ഭൂമി കണ്ടെത്താനായിട്ടില്ല.

തൊട്ടുപിന്നിൽ തലസ്ഥാന ജില്ല

സംസ്ഥാനത്താകെ 14 ജില്ലാ രജിസ്‌ട്രേഷൻ ഓഫീസുകളും 315 സബ് രജിസ്‌ട്രേഷൻ ഓഫീസുകളുമടക്കം 329 ഓഫീസുകളാണ് ഉള്ളത്.

ഇതിൽ 201 എണ്ണം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ 128 എണ്ണമാണ് വാടക കെട്ടിടത്തിൽ പ്രവ‌ർത്തിക്കുന്നത്.

86 ഓഫീസുകൾ സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങളിലും 42 എണ്ണം വിവിധ സർക്കാർ വകുപ്പുകളുടെ കെട്ടിടങ്ങളിലുമാണ് പ്രവർത്തിക്കുന്നത്.

മലപ്പുറം കഴിഞ്ഞാൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ആണ് ഏറ്റവും കൂടുതൽ ഓഫീസുകൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് -15 എണ്ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL