
കോഴിക്കോട്: വന്യമൃഗശല്യം രൂക്ഷമായ മലയോര മേഖലകളിലുൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ വനംവകുപ്പ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകൾ ഉൾപ്പെടെ 14 ലാൻഡ്സ്കേപ്പുകളായി തിരിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. അതിരൂക്ഷ സംഘർഷ മേഖലകളിൽ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ത്രിതല സ്മാർട്ട് ഫെൻസിങ് സംവിധാനം ഒരുക്കുന്നതിനൊപ്പം സൗരോർജ വേലികൾ ഘട്ടംഘട്ടമായി സ്മാർട്ട് ഫെൻസുകളാക്കി മാറ്റുകയും ചെയ്യും. വനം, വന്യജീവി-നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
14 ലാൻഡ്സ്കേപ്പുകളിൽ പ്രത്യേക പ്രവർത്തനം
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുകയാണ് ലാൻഡ്സ്കേപ്പ് അധിഷ്ഠിത പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ഡിവിഷൻ അടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ 14 ലാൻഡ്സ്കേപ്പുകളായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുക. ഓരോ ലാൻഡ്സ്കേപ്പിലെയും സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കണ്ടെയ്ൻമെന്റ് (നിയന്ത്രണം) , മിറ്റിഗേഷൻ (ലഘൂകരണം), കോമ്പൻസേഷൻ (നഷ്ടപരിഹാരം) എന്നിങ്ങനെ ഊന്നിയുള്ള ത്രിതല പ്രവർത്തനങ്ങളാണ് ആവിഷ്കരിക്കുക. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടന്നുകയറുന്നത് തടയുക, സംഘർഷ സാദ്ധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുക, വന്യജീവി ആക്രമണങ്ങളും നാശനഷ്ടങ്ങളും നേരിടുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വനാതിർത്തികളോട് ചേർന്ന് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൃഷിനാശം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും കാര്യക്ഷമമായ ഇടപെടലുകളുമുണ്ടാകും.
സൗരോർജ വേലികളും സ്മാർട്ടാകും
ഹാംഗിംഗ് ഫെൻസിങ്, സൗരോർജ വേലികൾ എന്നിവ ആധുനികവത്കരിക്കാനും നടപടികളുണ്ട്. നിലവിലുള്ള സൗരോർജ വേലികൾ ഘട്ടംഘട്ടമായി സ്മാർട്ട് ഫെൻസുകളാക്കി മാറ്റും. സാങ്കേതികവിദ്യയുടെ സഹായത്തോടെ വേലികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.
വന്യമൃഗശല്യം അതിരൂക്ഷമായ മേഖലകളിൽ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ത്രിതല സ്മാർട്ട് ഫെൻസിങ് സംവിധാനം നടപ്പാക്കും. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം തത്സമയം നിരീക്ഷിക്കുന്നതിനും ദൃശ്യ-ശ്രവ്യ സംവിധാനങ്ങളിലൂടെ അവയെ അകറ്റുന്നതിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |