കോഴിക്കോട്: മെഡി. കോളേജിലെ പല വാർഡുകളിലും വീൽചെയറുകളുടെ കുറവ് രോഗികളെ വലയ്ക്കുന്നു. ഡോക്ടറെ കാണാനും വിവിധ പരിശോധനകൾക്കും കൂടുതൽ പേർ എത്തുമ്പോൾ വീൽ ചെയറുകൾ ഇല്ലാത്തതിനാൽ രോഗികളെ ചുമന്നു കൊണ്ടുപോകേണ്ട സ്ഥിതിയാണ്. ആവശ്യത്തിന് വീൽചെയറുകൾ ഇല്ലാത്തതിനാൽ ഒരു രോഗി ഉപയോഗിച്ച വീൽചെയർ തിരികെ എത്തുംവരെ കാത്തിരിക്കേണ്ടി വരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റ് വാർഡുകളിൽ വീൽചെയർ ലഭ്യമാണോയെന്ന് അന്വേഷിച്ച് കൂട്ടിരിപ്പുകാർ വാർഡുകൾ കയറിയിറങ്ങേണ്ട സ്ഥിതിയുമുണ്ട്. മറ്റു വാർഡുകളിൽ നിന്ന് വീൽചെയർ ആവശ്യപ്പെടുമ്പോൾ രോഗിയുടെ ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ വാങ്ങിവെച്ച ശേഷമാണ് നൽകുന്നത്. വീൽചെയർ തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ക്യാൻസർ വാർഡിലെത്തിയ രോഗിയ്ക്ക് വീൽചെയർ ലഭിക്കാത്തതിനാൽ മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വന്നത്.
ക്യാൻസർ വാർഡുകളിൽ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും ശാരീരികമായി അവശരായവരാണ്. ഏറെ നേരം നിൽക്കാനോ നടക്കാനോ കഴിയാത്ത ഇവർക്ക് വീൽചെയർ അനിവാര്യമാണ്. എന്നാൽ വീൽചെയർ ലഭിക്കാതെ കാത്തിരിക്കേണ്ടിവരുന്നത് രോഗികളുടെ ദുരിതം വർധിപ്പിക്കുകയാണ്. വാർഡുകളിലെ ലിഫ്റ്റുകൾ ഇടക്കിടെ പ്രവർത്തനരഹിതമാകുന്നത് മൂലം വീൽചെയറിനായി സ്റ്റെപ്പുകൾ കയറിയിറങ്ങേണ്ട സാഹചര്യവുമുണ്ട്. രോഗികളുടെ വർദ്ധനവാണ് വീൽച്ചെയറുകളുടെ കുറവിന് കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഉപയോഗ ശേഷം വീൽച്ചയറുകൾ പലഭാഗത്തായി ഇടുന്നതും യഥാസമയം സേവനം ലഭ്യമാകാതിരിക്കാനുള്ള കാരണമാണ്. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെട്ട് ആവശ്യത്തിന് വീൽചെയറുകൾ എല്ലാ പ്രധാന വാർഡുകളിലും സ്ഥിരമായി ലഭ്യമാക്കുകയും, ലിഫ്റ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യണമെന്നാണ് അവരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |