കോഴിക്കോട്: സംസ്ഥാനത്തെ ശിക്ഷാ തടവുകാരുടെ വേതനം ജനുവരിയിൽ കൂട്ടിയെങ്കിലും ആറുമാസമായിട്ടും കൈയിൽ കിട്ടിയില്ല. നടപടി ക്രമത്തിലെ കാലതാമസവും സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണമായി പറയുന്നത്. വേതനം നൽകാൻ മുൻപ് ഒന്നേകാൽ കോടിയായിരുന്നു പ്രതിമാസം വേണ്ടിയിരുന്നത്. വർദ്ധിപ്പിച്ചതനുസരിച്ച് 10 കോടിയിലധികം വേണം. വിയ്യൂർ സെൻട്രൽ ജയിലിൽ മാത്രം 15-16 ലക്ഷം വേണ്ടത് ഇപ്പോൾ 85-90 ലക്ഷമായി. പുതുക്കിയ വേതന കുടിശ്ശിക പിന്നീട് നൽകാമെന്ന് പറഞ്ഞാണ് ശിക്ഷാ കാലാവധി കഴിഞ്ഞവരെ വിടുന്നത്. കൃഷിപ്പണി, മൃഗസംരക്ഷണം, ഭക്ഷ്യോത്പന്ന നിർമ്മാണം, അടുക്കളപ്പണി, ഓഫീസ് ജോലി, നെയ്ത്ത്, പെട്രോൾ പമ്പിലെ ജോലി എന്നിവയിൽ തടവുകാരെ നിയോഗിക്കാറുണ്ട്. 63 രൂപ മുതൽ 170 രൂപ വരെയാണ് മുൻപത്തെ പ്രതിദിന വേതനം. ഇത് 530 മുതൽ 620 വരെയാക്കി. സ്കിൽഡ് തൊഴിലാളികൾക്ക് 620, സെമി സ്കിൽഡ് തൊഴിലാളികൾക്ക് 560 അൺ സ്കിൽഡ് തൊഴിലാളികൾക്ക് 530 രൂപയാണ് ലഭിക്കുക.
2018ലാണ് തടവുകാരുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ആദ്യമാണ്.
ജയിൽ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് തിരിച്ചയക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് വേതനം പരിഷ്കരിച്ചത്. ഇതിനായി സംസ്ഥാനത്തെ ജയിലുകളിലെ വേതന ഘടന ഏകീകരിച്ചു. കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ വേതനം വളരെ കുറവായിരുന്നു.
30 ശതമാനം സർക്കാർ ഫണ്ടിലേക്ക്
കൂട്ടിയ വേതനത്തിൽ നിന്ന് 30 ശതമാനം സർക്കാരിന്റെ നഷ്ടപരിഹാര ഫണ്ടിലേക്ക് മാറ്റും. ഇതിൽ നിന്നാണ് വിവിധ കേസുകളി ഇരകളായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക. എന്നാൽ ഇങ്ങനെ തുക പിടിക്കുന്നതിൽ തടവുകാരിൽ പ്രതിഷേധമുണ്ട്. മുൻപ് സർക്കാരാണ് നഷ്ടപരിഹാരത്തുക കൊടുത്തിരുന്നത്.
സംസ്ഥാനത്ത് ആകെ ജയിലുകൾ....57
മൊത്തം തടവുകാർ....9,191
ശിക്ഷാതടവുകാർ.... 3,885
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |