SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.06 PM IST

കൊല്ലം പോർട്ടിന് കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ഉടൻ

നടപടി വേഗത്തിലാക്കിയത് കേരളകൗമുദി വാർത്ത

കൊല്ലം: കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നത് വരെ ചരക്കുകളുടെ സംരക്ഷണാധി​കാരം (കസ്റ്റോഡി​യൻഷി​പ്പ്) കൊല്ലം പോർട്ടിന് കസ്റ്റംസിൽ നി​ന്ന് ഒന്നരമാസത്തിനകം ലഭിക്കും. ഈ അധി​കാരമി​ല്ലാത്തതി​നാൽ ഇവി​ടെ ചരക്ക് ഇറക്കാനും കയറ്റാനും കഴിയാത്തത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ വേഗത്തിലാക്കിയത്.

ക്ലിയറൻസ് നൽകുന്നതിനുള്ള കസ്റ്റംസിന്റെ ഓൺലൈൻ സംവിധാനമായ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇ.ഡി.ഐ) സംവിധാനം പ്രവർത്തിപ്പിക്കാൻ അതിവേഗ സുരക്ഷിത ഇന്റർനെറ്റ് സൗകര്യം, ചരക്കുകളുടെ ഭാരമളക്കാനുള്ള വേ ബ്രിഡ്ജ്, കസ്റ്റംസ് ഉദ്യോഗസ്ഥ‌ർക്കുള്ള ക്യാബിൻ എന്നിവയാണ് സംരക്ഷണാധികാരം അനുവദിക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. സുരക്ഷിത ഇന്റർനെറ്റിന് ബി.എസ്.എൻ.എല്ലിന് കഴിഞ്ഞ ദിവസം അപേക്ഷ നൽകി. ഉദ്യോഗസ്ഥർക്കുള്ള ക്യാബിൻ, ഹാർബർ എൻജിനീയറിംഗ് വകുപ്പും വേ ബ്രിഡ്ജ് കേരള മാരിടൈം ബോർഡിന്റെ മെക്കാനിക്കൽ വിഭാഗവും സജ്ജമാക്കി കസ്റ്റംസിന് റിപ്പോർട്ട് നൽകും. അതിന് പിന്നാലെ പരിശോധനയ്ക്ക് ശേഷം കസ്റ്റോഡിയൻഷിപ്പ് അനുവദിക്കും.

കണ്ടെയ്നർ ഫ്രെയിറ്റ്

സ്റ്റേഷന് മത്സരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റിയയ്ക്കാനുള്ള ചരക്കുകകൾ കണ്ടെയ്നറുകളിൽ നിറച്ച് കസ്റ്റംസ് ക്ലിയറൻസ് വാങ്ങുന്ന കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സജ്ജമാക്കാൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില സ്വകാര്യ സംരംഭകരും രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊല്ലം പോർട്ടിൽ കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ വൈകിയാൽ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാകില്ല. സ്വകാര്യ ഏജൻസിയുമായി മാസങ്ങൾക്ക് മുൻപേ കരാർ ഒപ്പിട്ടെങ്കിലും കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ഇല്ലാത്തതിനാലാണ് ഫ്രെയിറ്റ് സ്റ്റേഷൻ ആരംഭിക്കാത്തത്. ആദ്യം ലോറികളിൽ റോഡ് മാർഗ്ഗമാകും വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകൾ കൊണ്ടുപോകുക. കണ്ടെയ്നറുകളുടെ എണ്ണം വർദ്ധിക്കുന്നതോടെ ബാർജിൽ കടൽ മാർഗ്ഗം കൊണ്ടുപോകാനും ആലോചനയുണ്ട്. ശീതീകരണ സംവിധാനമുള്ള റീഫർ കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനുള്ള വൈദ്യുത സംവിധാനങ്ങൾ ഒരുക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL