
കൊല്ലം: ക്വാറി ഉത്പന്നങ്ങൾ സംസ്ഥാനത്തിന് പുറത്ത് വിൽക്കുന്നതിന് തമിഴ്നാട് സർക്കാർ വിലക്കിയതോടെ ദേശീയപാത 66 ന്റെ ആറുവരി വികസനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വരും ദിവസങ്ങളിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചേക്കും.
തമിഴ്നാട്ടിൽ ശക്തമായ മഴ കാരണം ഒരുമാസം മുമ്പേ ക്വാറി ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞിരുന്നു. അതിനിടെ രണ്ടാഴ്ച മുമ്പാണ് തമിഴ്നാട് സർക്കാർ മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉത്പന്നങ്ങൾ കൊണ്ടുപോകുന്നത് വിലക്കി വിജ്ഞാപനം ഇറക്കിയത്. നേരത്തെയുള്ള കരാർ പ്രകാരം ദേശീയപാത നിർമ്മാണ കമ്പനികൾക്ക് തമിഴ്നാട്ടിലെ ക്വാറികൾ ലോഡ് ഒരാഴ്ച മുമ്പ് അയച്ചെങ്കിലും അതിർത്തിയിൽ തമിഴ്നാട് പൊലീസ് തുടർച്ചയായി തടയുകയായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്വാറി ഉത്പന്നങ്ങൾ സംസ്ഥാനത്ത് ലഭ്യമല്ലാത്തത് കൊണ്ടാണ് ദേശീയപാത നിർമ്മാണ കമ്പനികൾ തമിഴ്നാട്ടിൽ നിന്നും ക്വാറി ഉത്പന്നങ്ങൾ കൊണ്ടുവരുന്നത്. ജില്ലയിലെ ദേശീയപാത നിർമ്മാണത്തിന് മാത്രം ആഴ്ചയിൽ 400 ലോഡ് ക്വാറി ഉത്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. 25 ശതമാനത്തോളം നിർമ്മാണം ബാക്കിനിൽക്കുന്ന കാവനാട്- കൊറ്റുകുളങ്ങര റീച്ചിനെയാണ് ക്വാറി ഉത്പന്നങ്ങളുടെ വരവ് തടസപ്പെട്ടത് കൂടുതൽ ബാധിച്ചിരിക്കുന്നത്.
തമിഴ്നാടിന് പുറത്തേക്കുള്ള
വിൽപ്പനയ്ക്ക് വിലക്ക്
ക്വാറി ഉത്പന്നങ്ങൾ അതിർത്തികടത്തുന്നതിന് തമിഴ്നാട് വിലക്ക് ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ദേശീയപാത നിർമ്മാണ കരാർ കമ്പനികൾ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി
പൊതുമരാമത്ത് വകുപ്പ് പ്രശ്നത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
മുഖ്യമന്ത്രി വി.ഡി. തീശൻ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി ഫോണിൽ ചർച്ച ചെയ്യാൻ സാദ്ധ്യത
തമിഴ്നാട്ടിലെ നിർമ്മാണത്തിന് ആവശ്യമായ ക്വാറി ഉത്പന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കാനെന്ന പേരിലാണ് പുറത്തേക്ക് കൊണ്ടുപോകുന്നത് വിലക്കിയത്
പ്രശ്നത്തിൽ ഇടപെടണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. എൻ.എച്ച്.എ.ഐ ഹെഡ്ക്വാർട്ടേഴ്സ് മുഖേനയും തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും.
ദേശീയപാത അതോറിറ്റി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |