SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

ആശ്രാമം ഇ.എസ്.ഐ ആശുപത്രി ന്യൂറോളജിസ്റ്റിനെ കിട്ടാനില്ല, അടഞ്ഞു ന്യൂറോളജി ഒ.പിയും സ്ട്രോക്ക് ക്ലിനിക്കും

ദുരിതം തുടങ്ങിയിട്ട് അഞ്ചു മാസം

കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ന്യൂറോളജിസ്റ്റ് ഇല്ലാത്തതിനാൽ ന്യൂറോളജി ഒ.പിയും ഐ.സി.യുവിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്ട്രോക്ക് ക്ലിനിക്കും നിലച്ചിട്ട് അഞ്ചു മാസം.

ഇവിടെയുണ്ടായിരുന്ന സ്ഥിരം ന്യൂറോളജിസ്റ്റിനെ സ്ഥലം മാറ്റിയതിനെ തുടർന്ന് പാർട്ട് ടൈം വ്യവസ്ഥയിൽ നിയമിച്ചിരുന്ന താത്കാലിക ന്യൂറോളജിസ്റ്റ് അഞ്ച് മാസം മുൻപ് രാജിവച്ചു. അതിന് ശേഷം താത്കാലിക നിയമനത്തിന് രണ്ട് തവണ ശ്രമിച്ചെങ്കിലും ആരും അഭിമുഖത്തിൽ പങ്കെടുത്തില്ല. പക്ഷാഘാതം സംഭവിച്ച് എത്തുന്നവരെ അടക്കം ആശുപത്രിയിലെ സ്ട്രോക്ക് ക്ലിനിക്കിൽ പ്രവേശിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുമായിരുന്നു. നിർണായക ഇടപെടൽ നടത്തേണ്ട വിഭാഗമാണ് നോക്കുകുത്തിയായത്.

 ശമ്പളമാണ് വിഷയം

പാർട്ട് ടൈം വ്യവസ്ഥയിൽ ആഴ്ചയിൽ 16 മണിക്കൂർ ഒ.പി പ്രവർത്തിപ്പിക്കാൻ ന്യൂറോളജിസ്റ്റുകൾക്ക് ഇ.എസ്.ഐ മാസ ശമ്പളമായി 1.5 ലക്ഷം രൂപയാണ് നൽകുന്നത്. ഫുൾ ടൈമിന് ഏകദേശം 2.5 ലക്ഷം രൂപയും. സ്വകാര്യ ആശുപത്രികളിൽ വലിയ തുക ന്യൂറോളജിസ്റ്റുകൾക്ക് ലഭിക്കും. അതുകൊണ്ടാണ് പലതവണ അഭിമുഖം നിശ്ചയിച്ചിട്ടും ആരും പങ്കെടുക്കാത്തത്. ന്യൂറോ മെഡിസിൻ ‌ഡോക്ടറുടെയും ന്യൂറോ സർജന്റെയും സ്ഥിരം തസ്തിക സൃഷ്ടിച്ചാൽ പ്രശ്നം അവസാനിക്കുമെങ്കിലും ഇ.എസ്.ഐ കോർപ്പറേഷൻ തയ്യാറാകുന്നില്ല.

 വലയുന്നത് സാധാരണക്കാർ

ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ നിന്ന്ന്യൂറോ സംബന്ധമായ ഒ.പി ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്കും വിദഗ്ദ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാണ് റഫർ ചെയ്യുന്നത്. തിരുവനന്തപുരം മെഡി. ആശുപത്രിയിൽ എത്തുന്നവർ ശസ്ത്രക്രിയയ്ക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ന്യൂറോ ചികിത്സകൾക്ക് ഇ.എസ്.ഐ നിശ്ചയിച്ചിട്ടുള്ള നിരക്ക് കുറവായതിനാൽ സ്വകാര്യ ആശുപത്രികൾ ഇ.എസ്.ഐയിൽ നിന്ന് റഫർ ചെയ്യുന്നവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ താത്പര്യം കാണിക്കുന്നില്ല.

................................

പ്രതിസന്ധികൾ അനവധി

 നേരത്തേയുള്ള സ്ഥിരം ന്യൂറോളജിസ്റ്റിനെ സ്ഥലം മാറ്റി

 പകരം നിയമിച്ച ന്യൂറോളജിസ്റ്റ് രാജിവച്ചു
 താത്കാലികക്കാരെ കിട്ടുന്നില്ലെന്ന് അധികൃതർ
 പുതിയ സ്ഥിരം നിയമനത്തിനും നടപടിയില്ല

 വലയുന്നത് ഇ.എസ്.ഐ ആനുകൂല്യമുള്ള രോഗികൾ
 ദിവസവും ഒ.പിയിൽ എത്തിയിരുന്നത് 70 പേർ വരെ

താത്കാലിക നിയമനത്തിന് രണ്ട് തവണ അഭിമുഖം നടത്തിയെങ്കിലും ആരും പങ്കെടുത്തില്ല. വീണ്ടും ശ്രമം തുടരും

ആശുപത്രി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL