SignIn
Kerala Kaumudi Online
Sunday, 20 September 2026 7.47 PM IST

ഹോർട്ടികോർപ്പിന്റെ 35 രൂപ സവാള ഹിറ്റ്; രണ്ടാഴ്ചയ്ക്കിടെ വില 60ൽ താഴെ

1
സവാള വില്പന പൊടിപൊടിക്കുന്നു

കാസർകോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയർന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ കൃഷിവകുപ്പിന് കീഴിലുള്ള ഹോർട്ടികോർപ്പ് ആരംഭിച്ച കിലോയ്ക്ക് 35 രൂപ നിരക്കിലുള്ള സവാള വിൽപ്പന ഹിറ്റായി. കുറഞ്ഞ വിലയ്ക്ക് സവാള വിപണിയിലെത്തിച്ചതോടെ രണ്ടാഴ്ചയ്ക്കിടെ പൊതുവിപണിയിലെ സവാള വില 80 രൂപയിൽ നിന്ന് 60 രൂപയിൽ താഴെയെത്തി. ആഭ്യന്തര വിപണിയിലെ സവാള ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

ഓണത്തിന് മുമ്പ് കിലോയ്ക്ക് 55 മുതൽ 60 രൂപ വരെയായിരുന്ന സവാള വില ഓണം കഴിഞ്ഞതോടെ പല വിപണികളിലും 80 രൂപ വരെ ഉയർന്നിരുന്നു. ഇതോടെയാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇടപെടൽ ശക്തമാക്കിയത്. ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി ഹോർട്ടികോർപ്പ് വഴി 100 ടൺ സവാള വിപണിയിലെത്തിച്ച് കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തിയിരുന്നു. 80 ടൺ സവാള കിലോയ്ക്ക് 35 രൂപ നിരക്കിൽ കേരളത്തിലുടനീളം വിൽപ്പന നടത്തി. ഇതോടെ പൊതുവിപണിയിലും വില കുറയാൻ തുടങ്ങിയതായി വ്യാപാരികൾ പറയുന്നു.

കവലകളിലെത്തിച്ച് സവാള വിൽപ്പന

കുറഞ്ഞ നിരക്കിലുള്ള സവാള സാധാരണക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പ് വാഹനങ്ങളിൽ വിവിധ പ്രദേശങ്ങളിലെ കവലകളിലെത്തിച്ചാണ് വിൽപ്പന നടത്തിയത്. ആവശ്യക്കാർക്ക് ആവശ്യമായ അളവിൽ സവാള ലഭ്യമാക്കുകയും ചെയ്തു. കാസർകോട് ജില്ലയിലെ വിദ്യാനഗറിലും കാസർകോട് കളക്ടറേറ്റിലും കഴിഞ്ഞ ദിവസം കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽപ്പന നടത്തി.

വില ഇനിയും കുറയുമെന്ന് പ്രതീക്ഷ

നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സവാള വില 60 രൂപയിൽ താഴെയെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുവിപണിയിലെ സവാള വില 35 രൂപയിലേക്ക് എത്തുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെക്കുന്നു. വില കുറയാത്ത സാഹചര്യമുണ്ടായാൽ ഹോർട്ടികോർപ്പ് വഴി കൂടുതൽ സവാള വിപണിയിലെത്തിച്ച് കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോർട്ടികോർപ്പ് വാഹനങ്ങളിൽ നടക്കുന്ന സവാള വിൽപ്പന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, HORTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL