
പാണത്തൂർ: പാണത്തൂർ കല്ലപ്പള്ളി കമ്മാടിയിൽ റബർ തോട്ടത്തിൽ പുള്ളിപുലിയെ ചത്തനിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഏകദേശം അഞ്ച് വയസ്സ് പ്രായം വരുന്ന ആൺപുലിയുടെ ജഡം കണ്ടെത്തിയത്. കർണാടക വനത്തിൽ നിന്നും അതിർത്തി കടന്നെത്തിയതാണെന്ന് സംശയിക്കുന്നു.
കമ്മാടിയിലെ പി.കെ.ഗോപാലന്റെ തോട്ടത്തിൽ റബർ വെട്ടാൻ എത്തിയ തൊഴിലാളിയാണ് പുലിയെ ചത്തനിലയിൽ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ പുലിയുടെ ശരീരത്തിൽ പരിക്കുകളോ അസ്വാഭാവിക പാടുകളോകണ്ടെത്താനായിട്ടില്ലെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.വനംവകുപ്പിന്റെ പനത്തടി സെക്ഷൻ ഓഫീസിൽ പുലിയുടെ ജഡം വയനാട്ടിൽ നിന്നുള്ള വെറ്റിനറി ഡോക്ടറുടെ സംഘം പോസ്റ്റ്മോർട്ടം ചെയ്തു.
നേരത്തെ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഈ പുലി തന്നെയാണോ ചത്തതെന്ന് സംശയമുണ്ട്. കർണാടക വനമേഖലയോട് ഏറ്റവും അടുത്തുകിടക്കുന്ന പ്രദേശമാണ് കല്ലപ്പള്ളി. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ഇവിടേക്ക് കടക്കുന്നത് സർവസാധാരണമാണ്. അതിർത്തിയിലെ കേരള വനം വകുപ്പിന്റെ കീഴിലുള്ള ഫോറസ്റ്റിലും ആനകളും പുലികളും ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |