SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.46 AM IST

ഹർത്താൽ പിൻവലിച്ച് സി.പി.എം മാപ്പു പറയണം: സി.പി. മാത്യു

തൊടുപുഴ: ഇ.എസ്.എയുടെ പേരിൽ 16ന് നടത്താൻ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ ഹർത്താൽ പിൻവലിച്ച് ഇടുക്കിയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണമെന്നു ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വാ‌ർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇ.എസ്.എയിൽ വനഭൂമി മാത്രമായി പരിമിതപ്പെടുത്തുമെന്നും വാസസ്ഥലവും സി.എച്ച്.ആർ ഉൾപ്പെടെയുള്ള കൃഷിഭൂമിയും തോട്ടവും പൂർണമായും ഒഴിവാക്കുമെന്നും പറഞ്ഞിരുന്ന ഉറപ്പ് സർക്കാർ പാലിച്ചിരിക്കുന്നു. 8590.69 ച.കി.മീറ്റർ മാത്രമായി ഇ.എസ്.എ നിജപ്പെടുത്തി പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കെഡസ്ട്രൽ ഭൂപടവും പ്രസിദ്ധീകരിച്ചു. ഇ.എസ്.എയിൽ ഉൾപ്പെടുത്തിയിരുന്ന ജില്ലയിലെ 51 വില്ലേജുകളിൽ 23 എണ്ണം ഒഴിവാക്കി. തൊടുപുഴയിൽ ജനിച്ചു വളർന്ന മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രസർക്കാരിനെ സമീപിച്ച് അന്തിമ വിജ്ഞാപനം കേരളത്തിന് അനുകൂലമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരടു വിജ്ഞാപനത്തിൽ ഒരു വള്ളിയോ പുള്ളിയോ മാറ്റാൻ കഴിഞ്ഞ 10 വർഷം ഭരിച്ച എൽ.ഡി.എഫ് സർക്കാരിന് സാധിച്ചില്ലെന്ന വസ്തുത സി.പി.എം ആദ്യം അംഗീകരിക്കണം. സെപ്തംബർ 25ന് കളക്‌ട്രേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒട്ടനവധി തീരുമാനങ്ങളെടുത്തു. അടിമാലിയിലെ കർഷക കോൺക്ലേവിലും പ്രകടനപത്രികയിലും ഉറപ്പ് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ 10 വർഷം മഴ നനയാതെ, വെയിലു കൊള്ളാതെ ഭരണത്തിന്റെ ശീതളഛായയിൽ മയങ്ങിയവരാണ് ഇപ്പോൾ ഹർത്താലുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഉറക്കം നടിച്ചവർ ഇപ്പോൾ സടകുടഞ്ഞെഴുന്നേറ്റത് കാലിനടിയിലെ മണ്ണു ഒഴുകിപ്പോയപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഭാരവാഹികളായ
എം.ഡി. അർജുനൻ, ഷിബിലി സാഹിബ്, ജാഫർഖാൻ മുഹമ്മദ്, ജോസ് അഗസ്റ്റിൻ, ടി.ജെ.പീറ്റർ എന്നിവർ വാ‌ർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY