ഇടുക്കി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ ഇറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ചിലെ ഗ്രാമപഞ്ചായത്തുകളിൽ ഇന്ന് പ്രത്യേക പ്രതിഷേധ ഗ്രാമസഭകൾ ചേരും. പശ്ചിമഘട്ട സംരക്ഷണത്തിനായി നിയോഗിച്ച ഡോ. കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശയിൽ 2013ൽ കേന്ദ്രം ഇറക്കിയ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നുവന്ന സർക്കാരുകളും ഇതേ നിലപാട് ആവർത്തിച്ചു. എന്നാൽ അന്തിമ വിജ്ഞാപനം നീട്ടിക്കൊണ്ടുപോയ കേന്ദ്രം ജൂലായ് 27ന് ഇറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിലും വീണ്ടും ജനവാസ മേഖലകളെ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ഇതിനെതിരെ കഴിഞ്ഞ ദിവസം ചേർന്ന മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രത്യേക ഭരണസമിതി യോഗം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലാ വ്യാപക പ്രതിഷേധ ഗ്രാമസഭകൾ. മാങ്കുളം പഞ്ചായത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിലാണ് ഗ്രാമസഭ ചേരുക. ചക്കുപള്ളം പഞ്ചായത്തിൽ ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംയുക്ത ഗ്രാമസഭാ യോഗം ചേരും. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. പുരുഷോത്തമൻ നായർ വിഷയാവതരണം നടത്തും. മാദ്ധ്യമപ്രവർത്തകൻ കെ.എസ്. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തും. ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജനകീയ പ്രക്ഷോഭവും പ്രത്യേക ഗ്രാമസഭയും സംഘടിപ്പിക്കും. 'നമ്മുടെ ഭൂമി, നമ്മുടെ അവകാശം" എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇരട്ടയാർ വനിത സാംസ്‌കാരിക നിലയത്തിലാണ് ഗ്രാമസഭ. കാഞ്ചിയാർ പഞ്ചായത്തിൽ വൈകിട്ട് മൂന്നിന് വനിതാ സാംസ്‌കാരിക നിലയത്തിൽ പ്രസിഡന്റ് സെലിൻ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രത്യേക ഗ്രാമസഭ ജില്ലാ പഞ്ചായത്ത് മെമ്പർ ടോണി തോമസ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |