
കൊച്ചി: ഒരു കുടുംബത്തിലെ മൂന്നുതലമുറയുടെ വിവാഹവാർഷികം നാടിന്റെ ആഘോഷമായി. ഗായകനും സംഗീതസംവിധായകനുമായ തൃപ്പൂണിത്തുറ എരൂർ സ്വദേശി പി.ഡി.സൈഗാൾ, ഭാര്യ ലിജ, അച്ഛൻ പി.വി. ദാസ്, അമ്മ എൻ.ഡി.മണി, മകൾ അഡ്വ. കീർത്തന, മരുമകൻ എച്ച്.ഒ.സി ഉദ്യോഗസ്ഥൻ അഭിജിത്ത് എന്നിവരായിരുന്നു അപൂർവവേദിയിലെ 'താരജോഡികൾ". സൈഗാളിന്റെ 29-ാം വിവാഹവാർഷികമായിരുന്നു. അച്ഛനമ്മമാരുടെ 65-ാമത്തെയും മകളുടെ ആദ്യത്തെയും.
പുലർച്ചെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ദമ്പതികൾ ദർശനം നടത്തി. തുടർന്ന് എരൂർ കെ.വി.എൻ.എ ഓഡിറ്റോറിയത്തിലെ മണ്ഡപത്തിൽ മൂന്നു ദമ്പതികളും പരസ്പരം മാലയണിയിച്ചു. മൂന്നുകേക്കുകൾ മുറിച്ചു. വിഭവസമൃദ്ധമായ സദ്യയും ഗാനമേളയുമുണ്ടായിരുന്നു. സംഗീത സംവിധായകൻ ജെറി അമൽദേവ് വിശിഷ്ടാതിഥിയായി. വിവാഹ വാർഷികം ചെറിയ രീതിയിൽ ആഘോഷിക്കാനാണ് തീരുമാനിച്ചതെങ്കിലും വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു. സെപ്തംബർ അവസാനവാരം അടുത്തടുത്ത ദിവസങ്ങളിലായിരുന്നു വാർഷികമെങ്കിലും എല്ലാവരുടെയും സൗകര്യം കണക്കിലെടുത്ത് കഴിഞ്ഞദിവസമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |