SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

വീട് വൃത്തിയാക്കൽ തർക്കം: സഹവാസിയെ മദ്യക്കുപ്പിക്ക് കുത്തിയ യുവാവ് അറസ്റ്റിൽ

crime

കൊച്ചി: വീട് വൃത്തിയാക്കുന്നതിനെ ചൊല്ലിയുണ്ടായ നിസാര തർക്കം കലാശിച്ചത് വധശ്രമത്തിൽ. വാടകവീട്ടിൽ ഒപ്പം താമസിച്ചിരുന്നയാളെ തകർത്ത മദ്യക്കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ബീഹാർ സ്വദേശി ചന്ദൻ (37) തൃക്കാക്കര പൊലീസിന്റെ പിടിയിലായി. കുത്തേറ്റ സഹവാസിയും ബീഹാർ സ്വദേശിയുമായ ജാബിർ (37) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി തൃക്കാക്കര പാലച്ചുവടിലുള്ള വാടകവീട്ടിലായിരുന്നു സംഭവം. ടൈൽസ് തൊഴിലാളികളായ ചന്ദനും ജാബിറും പാലച്ചുവടിലെ മുറിയിൽ ഒന്നിച്ചാണ് താമസിച്ചിരുന്നത്. പരസ്പര ധാരണപ്രകാരം ഇരുവരും ഊഴമിട്ട് മുറി വൃത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ചന്ദൻ കൃത്യമായി വീട് വൃത്തിയാക്കാൻ കൂട്ടാക്കാതിരുന്നതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്.

സംഭവദിവസം രാത്രി ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വീട് വൃത്തിയാക്കുന്ന വിഷയം വീണ്ടും സംസാരമായി. വാക്കുതർക്കം രൂക്ഷമായതോടെ, രോഷാകുലനായ ചന്ദൻ കൈയിലിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് ജാബിറിന്റെ നെഞ്ചിലും മുതുകിലും ആഞ്ഞു കുത്തുകയായിരുന്നു. പ്രത്യാക്രമണത്തിനിടെ ജാബിറിന്റെ അടിയേറ്റ് ചന്ദന്റെ തലയ്ക്കും പരിക്കേറ്റു.

ബഹളം കേട്ടെത്തിയ അയൽവാസികളാണ് ചോരയിൽ കുളിച്ചുകിടന്ന ഇരുവരെയും ഉടൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

എന്നാൽ നെഞ്ചിലേറ്റ കുത്ത് ആഴത്തിലുള്ളതായതിനാൽ ജാബിറിന്റെ നില വഷളായി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് മൂന്ന് തുന്നിക്കെട്ടുള്ള ചന്ദനെ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL