ആലപ്പുഴ: ദേശീയ പാത നിർമ്മാണമേഖലയിലെ സുരക്ഷാ വീഴ്ചയ്ക്ക് നിർമ്മാണ കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. ദേശീയ പാതയിൽ റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെയും കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.ജി മനോജാണ് നോട്ടീസ് നൽകിയത്.
ദേശീയ പാത 66ന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന മേഖലകളിൽ മതിയായ സൈൻ ബോഡുകളും അപായ മുന്നറിയിപ്പുകളും വെളിച്ചവും സിഗ്നൽ സംവിധാനവും സ്ഥാപിച്ച് റോഡ് അപകടവിമുക്തമാക്കണമെന്ന് കാട്ടിയാണ് ദേശീയപാത റോഡ് സേഫ്റ്റി ടാസ്ക് ഫോഴഴ്സ് കൺവീനർ കൂടിയായ ആർ.ടി.ഒ നോട്ടീസ് നൽകിയത്. അരൂർ മുതൽ ഓച്ചിറ വരെയുള്ള 96 കിലോമീറ്റർ ദൂരത്തിൽ 130-ലധികം സ്ഥലങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അരൂർ–തുറവൂർ, തുറവൂർ–അമ്പലപ്പുഴ, അമ്പലപ്പുഴ–ഓച്ചിറ മേഖലകളിലാണ് സുരക്ഷാവീഴ്ചകൾ നിലനിൽക്കുന്നത്. അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ഹൈവേ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായ സംവിധാനം നിലനിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമ്മാണ കമ്പനിക്ക് നോട്ടീസ്
കുഴിച്ചിടുന്ന സ്ഥലങ്ങൾ, പൂർത്തിയാകാത്ത അരികുകൾ, മറ്റ് അപകട മേഖലകൾ എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുക.
നിർമ്മാണ മേഖലകളിലും, വഴിതിരിച്ചുവിടുന്നയിടങ്ങളിലും , ലൈൻ അടയ്ക്കുന്നിടങ്ങളിലും മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിക്കണം
സ്കൂളുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവയ്ക്ക് സമീപംസുരക്ഷിതമായ സഞ്ചാര മാർഗം സജ്ജമാക്കുക.
നിർമ്മാണ വാഹനങ്ങൾ, യന്ത്രങ്ങൾ, കുഴിച്ചെടുത്ത മണ്ണ്, നിർമ്മാണ വസ്തുക്കൾ എന്നിവ റോഡിൽ നിന്ന് മാറ്റുക
ദേശീയപാത നിർമ്മാണം നടക്കുന്നിടങ്ങളിൽ രാത്രിയിലുൾപ്പെടെ സുരക്ഷയ്ക്ക് പ്രോജക്ട് ഓഫീസറെ നിയമിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |