
അമ്പലപ്പുഴ : കള്ളക്കടൽ പ്രതിഭാസം ശക്തമായതോടെ കടലാക്രമണം രൂക്ഷം.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നർബോന പള്ളിക്ക് സമീപത്തെ
ജനജീവിതം ഇതോടെ ദുരിതപൂർണമായി. തീരത്തിന്റെ 50 മീറ്ററോളം കടലെടുത്തതോടെ തീരദേശ റോഡ് ഉൾപ്പെടെ ഭാഗികമായി തകർന്നു. പുലർച്ചെ വേലിയേറ്റ സമയത്താണ് കടൽവെള്ളം ഇരച്ചെത്തുന്നത്. പ്രദേശത്തെ 20 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. പ്രദേശത്തെ തെങ്ങും കാറ്റാടി മരങ്ങൾ ഉൾപ്പടെ കടപുഴകി വീണു. കടൽ വെള്ളം ഇരച്ചു കയറി വാവക്കാട്, പൂമീൻ തുടങ്ങിയ പൊഴികളിലും വെള്ളം കവിഞ്ഞൊഴുകി. പൊഴിക്കരികിലെ നിരവധി വീടുകൾക്ക് ചുറ്റും വെള്ളം കയറി ജനജീവിതം ദുസഹമായിരിക്കുകയാണ്.
ഈ ഭാഗത്ത് 150 മീറ്ററോളം കടൽഭിത്തിയില്ലാത്തതാണ് തിരമാലകൾ കരയിലേക്ക് ഇരച്ചുകയറാൻ കാരണം. 2005 ൽ കടൽഭിത്തി നിർമ്മിക്കാനായി കുറച്ച് പാറകൾ ഇറക്കിയെങ്കിലും അവയെല്ലാം പിന്നീട് കടലെടുത്തു. ഇനി പുലിമുട്ടോടുകൂടിയ കടൽഭിത്തി കൊണ്ടു മാത്രമേ കടലാക്രമണം തടയാനാവൂ എന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. നിലവിൽ പുന്നപ്ര മുതൽ തുമ്പോളി വരെ പുലിമുട്ടില്ല. ഈ ഭാഗങ്ങളിലും പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമ്മിക്കണമെന്നതാണ് ആവശ്യം.
സ്ഥലം സന്ദർശിച്ച് ജി.സുധാകരൻ
കടലാക്രമണത്തിന്റെ രൂക്ഷത നേരിട്ടറിയാൻ അമ്പലപ്പുഴ എം.എൽ.എ
ജി.സുധാകരൻ സ്ഥലം സന്ദർശിച്ചു. ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. പ്രദേശത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ എം. പുറക്കാട്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ഉഷാ ബാബു, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അംഗം രതീഷ്, നിസാർ വെള്ളാപ്പള്ളി എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |