SignIn
Kerala Kaumudi Online
Saturday, 24 October 2026 5.33 AM IST

ലക്ഷ്യം നേടാൻ റെഡിയാണ് 'കനിപ്പന്തൽ '

ആലപ്പുഴ: വിദ്യാർത്ഥികളിൽ പോഷകാഹാരശീലവും കൃഷിയോടുള്ള താത്പര്യവും വളർത്താൻ വിദ്യാലയങ്ങളിൽ പഴവർഗ പോഷകത്തോട്ടങ്ങൾ ഒരുക്കുന്ന 'കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും' പദ്ധതിയിൽ 484 യൂണിറ്റുകൾ കൂടി സ്ഥാപിക്കും. ഇതോടെ സംസ്ഥാനത്ത് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന യൂണിറ്റുകളുടെ എണ്ണം ലക്ഷ്യമായ 4494ൽ എത്തും. നിലവിൽ 4016 യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 14 ജില്ലകളിലായി 2975 സ്കൂളുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ കേരളയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 321 യൂണിറ്റുകൾ വീതം സ്ഥാപിക്കുകയാണ് ലക്ഷ്യം. പത്ത് സെന്റ് സ്ഥലത്ത് ഒരു യൂണിറ്റ് എന്ന നിലയിലാണ് പോഷകത്തോട്ടങ്ങൾ ഒരുക്കുന്നത്. ഇതിനായി 54 ലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് മിഷൻ അനുവദിച്ചിരുന്നത്. പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം കൃഷിയുടെ പ്രായോഗിക വശങ്ങൾ കൂടി പരിചയപ്പെടാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൈകൾ നട്ടുപിടിപ്പിക്കുന്നതും അവയുടെ വളർച്ച നിരീക്ഷിക്കുന്നതും പരിപാലിക്കുന്നതും വഴി കൃഷിയോടുള്ള താത്പര്യവും ഉത്തരവാദിത്തബോധവും വളർത്താനാകും. പ്രകൃതിയെയും ജൈവവൈവിദ്ധ്യത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും.

വി.എഫ്.പി.സി.കെ

തൈകൾ നൽകും


# വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ (വി.എഫ്.പി.സി.കെ) നേതൃത്വത്തിലാണ് വിവിധയിനം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്

#മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ചാമ്പ, നാരകം തുടങ്ങിയവയുടെ തൈകളാണ് നൽകുന്നത്


#പഴവർഗങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്താനും പദ്ധതി ലക്ഷ്യമിടുന്നു

# സ്കൂൾ ക്യാമ്പസുകളെ കൂടുതൽ ഹരിതാഭമാക്കുന്നതിനൊപ്പം കൃഷിയെയും പരിസ്ഥിതി സംരക്ഷണത്തെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL