SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.11 PM IST

മാസപ്പടിക്കേസ്: ആലപ്പുഴ എക്സൈസും നിരീക്ഷണ വലയത്തിൽ

ആലപ്പുഴ: ബാറുകളുൾപ്പെടെ മദ്യശാലകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി കൈപ്പറ്റുന്നതായ പരാതികളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ ആലപ്പുഴയിലും എക്സൈസ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണ വലയത്തിലായി. റേഞ്ച് മുതൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫീസ് വരെയുള്ള എക്സൈസ് ഉദ്യോഗസ്ഥ സംവിധാനത്തിൽ കൈക്കൂലിയിലും ക്രമക്കേടുകളിലും കുപ്രസിദ്ധി നേടിയവരും മുൻ കാലങ്ങളിൽ അച്ചടക്ക നടപടികൾക്കും പരാതികൾക്കും ഇടയാക്കിയിട്ടുള്ളവരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ പലരുടെയും ഫോൺ കോളുകളും പണം ഇടപാടുകളും സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ വഴിയുള്ള സന്ദേശങ്ങളുമെല്ലാം സംസ്ഥാന പൊലീസ് വിജിലൻസും എക്സൈസിന്റെ ആഭ്യന്തര വിജിലൻസും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

കോട്ടയത്ത് ബാറിലെ പണപ്പിരിവിനിടെ എക്സൈസ് കമ്മിഷണറുടെ പിടിയിലായ ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാർ ഏറെക്കാലം ആലപ്പുഴയിലും ജോലി ചെയ്തിരുന്നതിനാൽ അക്കാലത്ത് പിടികൂടിയ കേസുകളിലേക്കും ഒപ്പം പ്രവർത്തിച്ചിരുന്നവരിലേക്കും അന്വേഷണം എത്തുമെന്നാണ് വിവരം. അശോക് കുമാറിന്റെ കാലത്ത് ആലപ്പുഴ കേന്ദ്രീകരിച്ചും പണം ഇടപാടുകൾ നടന്നതായി ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. അശോക് കുമാർ ഇവിടെ നിന്ന് സ്ഥലം മാറി പോയശേഷവും മാസപ്പടി ഇടപാട് തുടരുന്നതായ രഹസ്യവിവരമാണ് ആലപ്പുഴയിലെ എക്സൈസ് ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിലാക്കിയത്. ബാറുകളിലും കള്ള് ഷാപ്പുകളിലും നിന്ന് ഇടനിലക്കാരൻ മുഖേന പണം പിരിക്കുന്നതായാണ് വിജിലൻസിന് വിവരം ലഭിച്ചത്.

നിയമലംഘനങ്ങളും പരിശോധിക്കും

# കഴിഞ്ഞ ദിവസം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകളും ഗൂഗിൾ പേ ഇടപാടുകളും വാട്ട്സ് ആപ്പ് കോളുകളുമുൾപ്പെടെ പരിശോധിക്കുകയും വിവരങ്ങൾ ശേഖരിച്ചിരുന്നു.

# മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവുമധികം ആളുകൾ ഭക്ഷണം കഴിക്കാനെത്തുന്ന കള്ള് ഷാപ്പുകളുള്ള ആലപ്പുഴയിൽ,​ ഷാപ്പുകളിൽ നിന്നും വലിയതോതിൽ ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നതായ രഹസ്യവിവരവും എക്സൈസ് ഉദ്യോഗസ്ഥർക്കുണ്ട്.

# ജില്ലയിലെ ബാറുകളിലലും കള്ള് ഷാപ്പുകളിലും നടന്ന നിയമ ലംഘനങ്ങളുടെയും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെയും വിവരങ്ങളും നടപടികളുമെല്ലാം എക്സൈസ് ആഭ്യന്തര വിജിലൻസും പൊലീസ് വിജിലൻസും പരിശോധിക്കുന്നുണ്ട്.

# എന്തായാലും,​ വിജിലൻസ് നിരീക്ഷണത്തിലായതോടെ ഓഫീസുകളെല്ലാം കഴിഞ്ഞ രണ്ട് ദിവസമായി മുഴുവൻ ഹാജർ നിലയിലും തികഞ്ഞ അച്ചടക്കത്തിലുമായിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL