ചേർത്തല: ചേർത്തല നഗരത്തിലെ ബാങ്കിന്റെ ശാഖയുടെ വ്യാജ നിക്ഷേപ രേഖകൾ തയ്യാറാക്കി ഒരു കോടിക്കുമേൽ തട്ടിയെടുത്തതായി പരാതി. പണം നഷ്ടപ്പെട്ട രണ്ടു സ്ത്രീകളുടെ പരാതിയിൽ ചേർത്തല പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കോടതി കവലക്ക് സമീപമുള്ള ബാങ്കിന്റെ ശാഖയിലെ താത്ക്കാലിക ജീവനക്കാരി വാരനാട് സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി. വാരനാട്, കടക്കരപ്പള്ളി എന്നിവിടങ്ങളിലുള്ളവർക്കാണ് പണം നഷ്ടമായിരിക്കുന്നത്.
ബാങ്കിന്റെ രസീത്,സീൽ, നിക്ഷേപരേഖ എന്നിവ വ്യാജമായി തയ്യാറാക്കിയാണ് തട്ടിപ്പു നടത്തിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്തതാണ് പണം സമാഹരിച്ചത്.കൃത്യമായി ഒപ്പും സീലും സഹിതം ബാങ്കിന്റെ രസിത് നൽകിയായിരുന്നു തട്ടിപ്പ്. അതിനാൽ ആർക്കും സംശയമുണ്ടായില്ല. അടുത്തിടെ നിക്ഷേപം തിരികെ കിട്ടാൻ ബാങ്കിനെ സമീപിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്. കഴിഞ്ഞ ദിവസം ഇവരെ കരാർ ജോലിയിൽ നിന്നും ഒഴിവാക്കി.
ബാങ്കിന് ഇതുമായി ബന്ധമില്ലെന്ന നിലപാടിലാണ്അ ധികൃതർ. ബാങ്കിന്റെ ഔദ്യോഗിക രേഖകൾ തട്ടിപ്പിനുപയോഗിച്ചിട്ടില്ല. ഇതെല്ലാം വ്യാജമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതു കാട്ടിയാണ് ബാങ്ക് അധികൃതർ പരാതി നൽകിയിരിക്കുന്നത്.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ചേർത്തല പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |