
ആലപ്പുഴ: രാമങ്കരിക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരമമാകുന്നു. എ.സി കനാലിന് കുറുകെ നിലവിലെ പാലത്തിന് പകരം പുതിയ പാലം വരും. രാമങ്കരി പഞ്ചായത്തിന് എതിർവശം എ.സി കനാലിന് കുറുകെയുള്ള പാലം ഏറെക്കാലമായി അപകടാവസ്ഥയിലായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലം പൊളിച്ച് പണിയണമെന്നത് പ്രദേശവാസികളുടെ പതിവായുള്ള ആവശ്യമായിരുന്നു. പാലം പൊളിച്ചുപണിയാൻ തീരുമാനമായതായി റെജി ചെറിയാൻ എം.എൽ.എ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ പാലങ്ങളെല്ലാം കാറ് അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിൽ പുതുക്കിപ്പണിതിട്ടും രാമങ്കരി പാലംമാത്രം അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു.പാലത്തിന്റെ അടിഭാഗത്തെ കമ്പികൾ തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. എ.സി റോഡിന് മറുഭാഗത്ത് പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ കോൺക്രീറ്റിൽ വിള്ളലുമേറ്റിട്ടുണ്ട്. പാലത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് കമ്പികൾ തെളിഞ്ഞുകാണാവുന്ന അവസ്ഥിയിലാണിപ്പോൾ.പാലം പൊളിച്ചാൽ മാമ്പുഴക്കരി പാലം വഴിയോ ടൈറ്രാനിക്ക് പാലത്തിലൂടെയോ യാത്രക്കാർ പോകേണ്ടി വരും.
................
പുതിയ പാലം
1. മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ തീരുമായിട്ടുണ്ട്. ഫണ്ട് ലഭ്യമാക്കാൻ ഭരണാനുമതിക്ക് ഉടൻ സമർപ്പിക്കും.
2. നിലവിലെ പാലം പൊളിച്ച് കാറും ആംബുലൻസും കടന്നുപോകുന്ന തരത്തലാണ് നിർമ്മിക്കുക. പാലം പോക്കറ്റ് റോഡുമായി ബന്ധിപ്പിക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല.
3. നിലവിലെ പാലത്തിൽ ഓട്ടോയ്ക്ക് മാത്രമെ കടന്നുപോകാൻ സാധിക്കു. വളങ്ങൾക്ക് കടന്നു പോകുന്നതിനായി നിലവിലുള്ളതിലും ഉയർത്തിയാണ് പാലം നിർമ്മിക്കുക.
പുതിയ പാലം നിർമ്മിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ഇതിന്റെ നടപടികൾ നടന്നുവരികയാണ്. വൈകാതെ പ്രവർത്തനങ്ങൾ ആരംഭിക്കും
-റെജി ചെറിയാൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |