SignIn
Kerala Kaumudi Online
Saturday, 27 June 2026 11.50 AM IST

അതുവരെ ഒരു റീൽ പോലും ചെയ്തിരുന്നില്ല,​ പക്ഷേ വഴിയിൽ കണ്ട ആ കാഴ്ച സൗമ്യയുടെ ജീവിതം മാറ്റി

soumya-

പാതയോരങ്ങളിൽ ഹോട്ടലുകൾക്ക് മുന്നിൽ മീൽസ് റെഡി എന്നെഴുതിയ ബോ‌ർഡും കൈയിലേന്തി പൊരിവെയിലത്ത് നിൽക്കുുന്നവരെ നാം കണ്ടിട്ടുണ്ട്. ഇതിൽ യുവാക്കൾ മുതൽ പ്രായമായവർ വരെ ഉണ്ട്. നമ്മൾ വഴിയിൽ കണ്ട് മറയുന്ന ഇത്തരം മനുഷ്യരുടെ ജീവിതം എങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ.. അങ്ങനെയൊരു ചിന്തയിൽ നിന്ന് പിറന്നതാണ് പാങ്ങോട് സ്വദേശി സൗമ്യ പി.ആർ സംവിധാനം ചെയ്ത തണൽ എന്ന ഷോർട്ട് ഫിലിം. കുടുംബത്തിന് തണലായി മാറുന്ന ഒരു അച്ഛന്റെയും മകന്റെയും കഥയാണ് തണൽ പറയുന്നത്.

തലസ്ഥാനത്തെ പ്രശസ്തമായ ഐ.ടി കമ്പനിയായ യു.എസ്.ടിയിലെ ബിസിനസ് കൺസൾട്ടന്റായി പ്രവർത്തിക്കുകയാണ് സൗമ്യ. യു.എസ്.ടിയിലെ വിമെൻ അസോസിയേഷനായ നൗയുവിന്റെ നേതൃത്വത്തിൽ വനിതാ ജീവനക്കാർക്കായി ഒരു ഷോർട്ട്ഫിലിം മത്സരം സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തണൽ എന്ന ചിത്രം പിറന്നത്. ഇതിന് വേണ്ടിയുള്ള കഥ തിരയുന്നതിനിടെയാണ് റോഡുവക്കിൽ മീൽസ് റെഡി ബോർഡുമായി നിൽക്കുന്നവരെ കാണുന്നത്. ആ കാഴ്ച മനസിൽ വല്ലാത്തൊരു ഫീലിംഗ് ഉണ്ടാക്കി. ഇത് മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് തോന്നി. ഇവർ ഇങ്ങനെ വന്നു നിൽക്കുന്നത് വീട്ടുകാർക്ക് അറിയാമായിരിക്കുമോ എന്ന് ചിന്തിച്ചു. അങ്ങനെയാണ് തണലിന്റെ പിറവി എന്ന് സൗമ്യ പറഞ്ഞു.

മത്സരത്തിന്റെ ഭാഗമായി ഇതിൽ താത്പര്യമുള്ളവർക്ക് വേണ്ടി സംവിധായകരുമൊത്തുള്ള മൂന്നുനാലു സെഷനൊക്കെ വച്ചിരുന്നു. അതും പ്രചോദനമായി. ഷി ഫ്രെയിംസ് എന്ന ബാനറിന്റെ പേരിലായിരുന്നു നിർമ്മാണം. സംവിധായികയും അഭിനേതാക്കളും ടെക്നീഷ്യൻസും എല്ലാം യു.എസ്.ടി ജീവനക്കാർ തന്നെ. പുറത്ത് നിന്ന് ആരും ഇല്ലായിരുന്നു. 12 പേരോളം ഉണ്ടായിരുന്നു. ഇവരുടെ എല്ലാവരുടെയും ആദ്യ സംരംഭം കൂടിയായിരുന്നു ഇതെന്നും സൗമ്യ വ്യക്തമാക്കി.

ust
സൗമ്യയും അഭിനേതാക്കളും അണിയറ പ്രവർത്തകരും നൗയുവിന്റെ മികച്ച ഷോർട്ട്ഫിലിമിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ

സ്റ്റുഡിയോ സൗകര്യങ്ങളും ഉപയോഗിച്ചിട്ടില്ല. ക്യാമറയും എഡിറ്റിംഗും സൗണ്ട് മിക്സിംഗും എല്ലാം ഇവ‌ർ തന്നെയായിരുന്നു ചെയ്തത്. യു.എസ്.ടിയിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി. എ.ഐ ഉപയോഗിച്ചാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. സിനിമയോട് താത്പര്യം ഉണ്ടായിരുന്നെങ്കിലും ഇതിന് മുൻപ് ഒരു റീൽ പോലും ചെയ്തിട്ടില്ലെന്ന് സൗമ്യ വ്യക്തമാക്കി. സിനിമയെ സപ്പോർട്ട് ചെയ്യുന്ന നല്ല ഒരു ഗ്യാംഗും എനിക്കൊപ്പം ഉണ്ടായിരുന്നു. കൺസെപ്ട് പറഞ്ഞപ്പോൾ തന്നെ എല്ലാവരും റെഡിയായി മുന്നോട്ടുവന്നു. ആദ്യം ഇത് എങ്ങനെ പ്രാവർത്തികമാക്കുമെന്ന് ഐഡിയ ഇല്ലായിരുന്നു.ഇങ്ങനെ ഒരു പ്ലാറ്റ്‌ഫോം കിട്ടിയപ്പോൾ ഒന്നു ട്രൈ ചെയ്തു നോക്കാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും സൗമ്യ പറഞ്ഞു.

ജോലിയെ ബാധിക്കാതെ എല്ലാവരുടെയും അവധി ദിവസങ്ങൾ നോക്കിയായിരുന്നു ചിത്രീകരണം. മൂന്നു ശനിയാഴ്ചകളിൽ എല്ലാവരും ഹാഫ് ഡേ എടുത്താണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രം സ്ക്രീൻ ചെയ്തപ്പോൾ ഉള്ള അനുഭവവും സൗമ്യ പങ്കുവച്ചു. ലൈറ്റ് എല്ലാം ഓഫ് ചെയ്ത് സ്ക്രീനിൽ പേര് എഴുതിക്കാണിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് സംവിധായിക പറഞ്ഞു. സന്തോഷ് തുളസീധരൻ,​ റിതു കൃഷ്ണൻ,​ അക്ഷയ് ആർ,​ ജെഷൈൻ വർഗീസ്,​ ചിത്ര ആർ,​ ഷൈനോ കോശി,​ ജയകിഷോർ എസ്.ആർ,​ ജയപ്രകാശ് ബി,​ അഭിഷേക് എം.ആർ,​ അർജുൻ രമേഷ്,​ ഐശ്വര്യ നായർ,​ അപർണ എസ്. നായർ എന്നിവരായിരുന്നു അഭിനേതാക്കൾ, ക്യാമറ ജയകിഷോർ എസ്.ആറും എഡിറ്റിംഗും സൗണ്ട് എഫക്ട്സും ജെഷൈൻ വർഗീസും നിർവഹിച്ചു. സംഗീതം ജോഫിൻ വർഗീസ്. അസോസിയേറ്റ് ഡയറക്ടർ അഭിഷേക് എം.ആർ.​ ക്രിയേറ്റീവ് ഹെഡ്സ് : അക്ഷയ് ആർ ,​ ജയപ്രകാശ് ബി. മത്സരത്തിൽ ഒന്നാംസ്ഥാനവും തണലിനായിരുന്നു എന്ന സന്തോഷവും സൗമ്യ അറിയിച്ചു.


ആദ്യ സംരംഭം നൽകിയ വിജയത്തിന്റെ ഊർജ്ജത്തിൽ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് സൗമ്യ.തണൽ സെന്റിമെന്റൽ ഡ്രാമ ആയിരുന്നെങ്കിൽ അടുത്തത് ഒരു കോമഡി ഷോർട്ട് ഫിലിമാണ്. പഴയ ക്രൂവിനൊപ്പം പുതിയ ചില ആൾക്കാരും ഉണ്ടാകും. സൗമ്യയ്ക്ക് പിന്തുണയുമായി ടെക്നോപാർക്കിലെ തന്നെ ഉദ്യോഗസ്ഥനായ ഭർത്താവ് അനൂപ് എം. കുമാറും മക്കളായ ആദിത്യയും ആരാധ്യയും മറ്റ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും കൂടെയുണ്ട്. സൗമ്യയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രിയപ്പെട്ടവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHORT FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY