കൊച്ചി: ചേരാനല്ലൂർ വാഹനാപകടമുണ്ടാക്കിയ 17കാരന്റെ പിതാവായ ജില്ലാ ജഡ്ജിയുടെ വീട്ടിൽ പരിശോധന പൂർത്തിയായി. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്. ഏഴ് മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും. ജഡ്ജിക്കെതിരെ കൂടുതൽ നടപടികൾ വേണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.
ജഡ്ജിയെ സർവീസിൽ നിന്ന് മാറ്റിനിർത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുമെന്നാണ് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി കഴിഞ്ഞ ദിവസം പറഞ്ഞത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത ബൈക്ക് 17കാരന് ഓടിക്കാനായി എത്തിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം, താനറിയാതെയാണ് മകൻ കാറെടുത്ത് പോയതെന്നാണ് ജഡ്ജിയുടെ മൊഴി. മകന്റെ മൊഴിയും ഇതിനു സമാനമാണ്. യു ട്യൂബ് നോക്കിയാണ് ഡ്രൈവിംഗ് പഠിച്ചതെന്നും മകൻ പറഞ്ഞു. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ ചോദ്യങ്ങളോട് വിമുഖത കാട്ടിയ ജഡ്ജി ചോദ്യം ചെയ്യാൻ കോടതി ഉത്തരവുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചു. 17 കാരൻ മുമ്പും കാർ ഓടിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സമൂഹമാദ്ധ്യമ പേജുൾപ്പെടെ ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു.
Police seized a luxury bike and digital evidence from a judge’s flat in connection with the Cheranalloor accident. The victim’s family will seek cancellation of the 17-year-old’s bail.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |