
ലീഡ്
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. കരളിനെ ബാധിക്കുന്ന വീക്കത്തെയാണ് പൊതുവെ ഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്നത്. സാധാരണ മഞ്ഞപ്പിത്തം എന്ന് ലളിതമായി പറഞ്ഞ് തള്ളിക്കളയാതെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ വൈറസുകളെ തിരിച്ചറിയുകയും അവ പകരുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് ആരോഗ്യപൂർണമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
.....................................................................................
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാസപ്രവർത്തനശാലയാണ് കരൾ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനം, ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളി പ്രതിരോധശേഷി നിലനിറുത്തുക തുടങ്ങി അഞ്ഞൂറിലധികം പ്രവർത്തനങ്ങളാണ് കരൾ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനായി ചെയ്യുന്നത്. എന്നാൽ കരളിനെ ബാധിക്കുന്ന വീക്കത്തെയാണ് പൊതുവെ ഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്നത്.
നമ്മൾ സാധാരണയായി വിളിക്കുന്ന 'മഞ്ഞപ്പിത്തം' എന്ന് അറിയപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നതിൽ പ്രധാനം കരളിനെ ബാധിക്കുന്ന ഈ വൈറസ് അണുബാധകളാണ്. അതിൽ പ്രധാനമായും എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചുതരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണുള്ളത്. ഇതിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന എ, ബി, സി, ഇ എന്നിവ പകരുന്നത് എങ്ങനെയാണെന്നും, അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ആദ്യകാല ലക്ഷണങ്ങൾ
പലപ്പോഴും രോഗത്തിന്റെ തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ കരളിന് വീക്കം സംഭവിക്കുമ്പോൾ ലക്ഷണങ്ങൾ കണ്ടേക്കാം:
ശരീരത്തിലും കണ്ണുകളിലും മഞ്ഞനിറം: മൂത്രത്തിനും കണ്ണിലെ വെള്ളയ്ക്കും ഉണ്ടാകുന്ന മഞ്ഞനിറമാണ് പ്രധാന ലക്ഷണം.
കടുത്ത ക്ഷീണം: വിശ്രമിച്ചാലും മാറാത്ത തളർച്ച.
ദഹനപ്രശ്നങ്ങൾ: വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി.
വയറുവേദന: വയറിന്റെ മുകൾ ഭാഗത്ത് വലതുവശത്തായി ഉണ്ടാകുന്ന അസ്വസ്ഥത അല്ലെങ്കിൽ വേദന.
മൂത്രത്തിന്റെയും മലത്തിന്റെയും നിറ വ്യത്യാസം: കടുത്ത തേയില നിറത്തിലുള്ള മൂത്രവും ഇളം നിറത്തിലുള്ള (കളിമണ്ണിന്റെ നിറം) മലവും.
നേരിയ പനിയും സന്ധിവേദനയും
രോഗകാരണങ്ങളും
വ്യത്യാസങ്ങളും
പേരുകളിൽ സാമ്യമുണ്ടെങ്കിലും വൈറസുകളുടെ സ്വഭാവത്തിലും, പകരുന്ന രീതിയിലും, രോഗത്തിന്റെ തീവ്രതയിലും വലിയ വ്യത്യാസങ്ങളുണ്ട്.
1. ഹെപ്പറ്റൈറ്റിസ് എ
മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാതെ തയ്യാറാക്കിയ ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് ശരീരത്തിലെത്തുന്നത്. ഇത് പെട്ടെന്ന് പടർന്നുപിടിക്കുന്ന രോഗമാണ്. എന്നാൽ ശരിയായ വിശ്രമവും പരിചരണവും കൊണ്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗം പൂർണമായി ഭേദമാകും. ഇത് കരളിന് ദീർഘകാല കേടുപാടുകൾ വരുത്താറില്ല. ഇതിന് ഫലപ്രദമായ വാക്സിൻ ലഭ്യമാണ്.
2. ഹെപ്പറ്റൈറ്റിസ് ബി
രോഗബാധിതനായ വ്യക്തിയുടെ രക്തം, മറ്റ് ശരീരസ്രവങ്ങൾ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുവിമുക്തമാക്കാത്ത സൂചികൾ എന്നിവ വഴി പകരുന്നു. ഗർഭിണിയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും ഇത് പകരാം. വളരെ അപകടകാരിയായ ഒരു വൈറസാണിത്. ഇത് ദീർഘകാല കരൾ രോഗമായി മാറാനും ലിവർ സിറോസിസ്, കരൾ അർബുദം എന്നിവയിലേക്ക് നയിക്കാനും സാദ്ധ്യതയേറെയാണ്. കൃത്യമായ വാക്സിനേഷനിലൂടെ പൂർണമായും തടയാനാകും.
3.ഹെപ്പറ്റൈറ്റിസ് സി
പ്രധാനമായും രക്തത്തിലൂടെ മാത്രം പകരുന്ന രോഗമാണിത്. പരിശോധിക്കാത്ത രക്തം സ്വീകരിക്കൽ, ടാറ്റൂ ചെയ്യാനും ഇൻജക്ഷനും ഒരേ സൂചികൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ പകരാം. തുടക്കത്തിൽ യാതൊരു ലക്ഷണവും കാണിക്കില്ല. വർഷങ്ങൾക്ക് ശേഷം കരൾ പൂർണമായും നശിക്കുമ്പോൾ മാത്രമായിരിക്കും പലരും രോഗവിവരം അറിയുന്നത്. നിലവിൽ ഇതിന് പ്രതിരോധ കുത്തിവയ്പ്പില്ല, എങ്കിലും കൃത്യസമയത്ത് കണ്ടെത്തിയാൽ മരുന്നുകൾ ലഭ്യമാണ്.
4.ഹെപ്പറ്റൈറ്റിസ് ഇ
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് പകരുന്നത്.
സാധാരണയായി താനേ ഭേദമാകുന്ന അസുഖമാണെങ്കിലും ഗർഭിണികളെ ബാധിച്ചാൽ ഗുരുതരമായ സങ്കീർണതകൾക്കും ജീവഹാനിക്കും വരെ കാരണമായേക്കാം.
രോഗനിർണയത്തിന്റെ പ്രാധാന്യം
ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ശരീരത്തിൽ പ്രവേശിച്ച് വർഷങ്ങളോളം ലക്ഷണങ്ങൾ പുറത്തുകാണിക്കാതെ കരളിനെ നശിപ്പിച്ചുകൊണ്ടിരിക്കും. അതുകൂടാതെ കരളിന്റെ 70-80% പ്രവൃത്തിശേഷി നഷ്ടപ്പെട്ട ശേഷമായിരിക്കും പലപ്പോഴും ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ലളിതമായ രക്തപരിശോധനയിലൂടെ (HBsAg, Anti-HCV, Liver Function Test) ഈ അണുബാധകൾ തുടക്കത്തിലേ കണ്ടെത്താൻ സാധിക്കും. തുടക്കത്തിലെ കണ്ടെത്തിയാൽ ശരിയായ മരുന്നുകളിലൂടെ കരളിനുണ്ടാകുന്ന വലിയ ആഘാതവും ക്യാൻസർ സാദ്ധ്യതയും പൂർണമായും ഒഴിവാക്കാനാകും.
അറിവും ജാഗ്രതയും
കരൾ രോഗങ്ങൾ തടയുന്നതിൽ ശരിയായ അറിവും ജാഗ്രതയുമാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധ ആയുധങ്ങൾ. സാധാരണ മഞ്ഞപ്പിത്തം എന്ന് ലളിതമായി പറഞ്ഞ് തള്ളിക്കളയാതെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നീ വൈറസുകളെ തിരിച്ചറിയുകയും അവ പകരുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് ആരോഗ്യപൂർണമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
കൃത്യമായ വാക്സിനേഷൻ, ശുചിത്വപൂർണമായ ജീവിതാന്തരീക്ഷം, കൃത്യസമയത്തുള്ള രക്തപരിശോധനകൾ എന്നിവയിലൂടെ കരളിന്റെ ആരോഗ്യത്തെ പൂർണമായും സംരക്ഷിക്കാൻ സാധിക്കും. അല്പം ശ്രദ്ധയും കരുതലും ഉണ്ടെങ്കിൽ മഞ്ഞപ്പിത്തമെന്ന ഈ ഭീഷണിയെ പൂർണമായും പരാജയപ്പെടുത്താൻ നമുക്കാവും
(കോട്ടക്കൽ ആസ്റ്റർ മിംസിലെ ഗ്യാസ്‌ട്രോ എൻട്രോളജി
സീനിയർ സ്‌പെഷ്യലിസ്റ്റാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |