കൊല്ലം സിറ്റി പരിധിയിൽ നൂറോളം അനധികൃത സ്പാ
കൊല്ലം: കോവളത്ത് സ്പായുടെ മറവിൽ 16കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെ കൊല്ലം സിറ്റി പൊലീസ് പരിധിയിലും ‘ഓപ്പറേഷൻ സ്പാ’ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം 25 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ ഏഴിടങ്ങൾ പഞ്ചകർമ്മ വിഭാഗത്തിലും 18 എണ്ണം നോൺ പഞ്ചകർമ്മ വിഭാഗത്തിലുമാണ് പ്രവർത്തിക്കുന്നത്.
24 സ്ഥാപനങ്ങൾക്ക് തദ്ദേശസ്ഥാപന ലൈസൻസും ഒന്നിന് ക്ലിനിക്കൽ ലൈസൻസുമുണ്ട്. ലൈസൻസുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയും നിയമപാലനവും പരിശോധിക്കുന്നതിനൊപ്പം അനധികൃത കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. എ.ഡി.ജി.പി പി.വിജയന്റെ നിർദേശപ്രകാരം സംസ്ഥാനവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി 17ന് കൊല്ലത്തും പരിശോധന ആരംഭിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ മാത്രമല്ല, ലൈസൻസിന്റെ നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളും പരിശോധനയുടെ പരിധിയിലുണ്ട്.
യോഗ്യതയില്ല, തിരുമ്മാൻ
സ്പാകളിൽ മസാജിന് മണിക്കൂറിന് 1500 മുതൽ 2000 രൂപവരെ ഈടാക്കുന്നു.
മസാജുമായി ബന്ധപ്പെട്ട അംഗീകൃത കോഴ്സ് പൂർത്തിയാക്കാത്തവരും തെറാപ്പിസ്റ്റുകളെന്ന പേരിൽ ജോലി ചെയ്യുന്നു.
ആയുർവേദ വെൽനെസ് സെന്ററുകളെന്ന് പരസ്യപ്പെടുത്തുന്ന പല സ്ഥാപനങ്ങളിലും ആയുർവേദ പരിശീലനം നേടിയ ജീവനക്കാരില്ല.
വിവിധ മസാജുകളുടെ പേരുകൾ പരസ്യപ്പെടുത്തുമെങ്കിലും അവ ചെയ്യാനുള്ള പരിശീലനം ജീവനക്കാർക്കില്ല
മുറികൾക്കുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നില്ല.
നടക്കുന്നത് മറ്റുപലതും!
കൊല്ലം സിറ്റി പരിധിയിൽ മാത്രം നൂറോളം അനധികൃത സ്പാ കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരിശോധന തുടങ്ങിയതോടെ പലേടത്തും ബോർഡുകൾ അപ്രത്യക്ഷമായി. സ്ത്രീകളെ എത്തിച്ചുനൽകുന്ന സംഘങ്ങളും ഫേസ്ബുക്ക്, ടെലിഗ്രാം വഴിയുള്ള വെർച്വൽ സ്പാ ശൃംഖലകളും ജില്ലയിൽ സജീവമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സ്പായുടെ മറവിൽ ലഹരിയിടപാടുകൾ നടക്കുന്നുവെന്ന ആരോപണങ്ങളിലും പൊലീസ് ജാഗ്രതയിലാണ്. നാട്ടുകാർ നൽകിയ പരാതികളിലും അന്വേഷണം തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |