SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.53 AM IST

ചികിത്സിക്കാൻ ഡോക്ടർമാരില്ല: സർക്കാർ ആശുപത്രികൾ 'ഐ.സി.യു'വിൽ

ഒഴിവുള്ളത്

37

ഡോക്ടർമാർ

കൊല്ലം: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പകർച്ചപ്പനി ജില്ലയെ കീഴ്പ്പെടുത്തുമ്പോഴും സർക്കാർ ആശുപത്രികളിൽ 37 ഡോക്ടർമാരുടെ കസേരകൾ കാലി. ജില്ലാ ആശുപത്രിയിൽ ഉൾപ്പടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി 14 കൺസൾട്ടന്റ്, 10 അസിസ്റ്റന്റ് സർജൻ, അഞ്ച് സിവിൽ സർജൻ, അഞ്ച് ജൂനിയർ കൺസൾട്ടന്റ്, മൂന്ന് സീനിയർ കൺസൾട്ടന്റ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജില്ലയിൽ നിന്ന് പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്ത കണക്കാണിത്.

ഡോക്ടർമാരുടെ കുറവ് കാരണം ഒ.പിയിൽ മണിക്കൂറുകളോളമാണ് രോഗികൾ കാത്തിരിക്കേണ്ടി വരുന്നത്. അത്യാഹിത വിഭാഗങ്ങളിലും രാത്രികാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. താലൂക്ക്, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ റഫർ ചെയ്യുന്നതാണ് നിലവിലെ രീതി. അടിയന്തരമായി പി.എസ്.സി വഴിയോ കരാർ അടിസ്ഥാനത്തിലോ നിയമനം നടത്തി ഒഴിവുകൾ നികത്തണമെന്ന ആവശ്യം ശക്തമാണ്.

പരിചരിക്കാൻ നഴ്സുമാരുമില്ല

ഡോക്ടർമാരുടെ ക്ഷാമത്തിന് പിന്നാലെ ജില്ലാ ആശുപത്രിയിലും ഗവ. വിക്ടോറിയ ആശുപത്രിയിലും നഴ്സുമാരുടെ കുറവും പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ കുറഞ്ഞത് 264 നഴ്സുമാർ വേണ്ടിടത്ത് ആകെയുള്ളത് 132 പേരാണ്. 132 നഴ്സുമാരുടെ കുറവാണുള്ളത്. വിക്ടോറിയ ആശുപത്രിയിലും സമാന സ്ഥിതിയാണ്. കുറഞ്ഞത് 113 നഴ്സുമാർ വേണ്ടിടത്ത് 75 പേരാണുള്ളത്. ഇവിടെ 38 നഴ്സുമാരുടെ കുറവുണ്ട്.

താത്കാലിക ജീവനക്കാരുടെ നിയമനം നടക്കുന്നുണ്ടെങ്കിലും സ്ഥായിയായ പരിഹാരമല്ല. അടിയന്തരമായി പി.എസ്.സി വഴി സ്ഥിരം നിയമനം നടത്താൻ നടപടിയുണ്ടാകണം.

കേരള ഗവ. നഴ്സസ് അസോസിയേഷൻ
ജില്ലാ കമ്മിറ്റി ഭാരവാഹികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY