കൊല്ലം: ഓണവും ചിങ്ങമാസത്തിലെ കല്യാണ സീസണും അടുത്തതോടെ തോരൻ പച്ചക്കറികൾക്ക് വില ഉയരുന്നു. ഇതിനൊപ്പം അരി, ഉഴുന്ന്, മുളക്, വെളിച്ചെണ്ണ വിലയും വർദ്ധിച്ചതോടെ ഓണക്കാല ചെലവ് പോക്കറ്റ് കാലിയാക്കും. കല്യാണ സീസൺ കൂടിയായതിനാൽ ആവശ്യക്കാർ വർദ്ധിക്കുന്നതിനനുസരിച്ച് വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തോരന് പ്രധാനമായും ഉപയോഗിക്കുന്ന കാബേജ് വില കിലോയ്ക്ക് 90 രൂപയിലെത്തി. ബീൻസ് 100, ഊട്ടി ക്യാരറ്റ് 94-95, തിരിവ് ക്യാരറ്റ് 80, ബീറ്റ്‌റൂട്ട് 60 എന്നിങ്ങനെയാണ് ചില്ലറവില. തക്കാളിക്ക് 30 മുതൽ 40 രൂപ വരെയാണ് ഈടാക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപവരെ എത്തിയ ഇഞ്ചി വില 180 രൂപയിലേക്കെത്തിയത് ആശ്വാസമാണ്.
കഴിഞ്ഞ മാസം 45 രൂപയായിരുന്ന ജയ അരിക്ക് കിലോയ്ക്ക് 47 രൂപയും രണ്ടാഴ്ചയ്ക്ക് മുമ്പ് 125 രൂപയായിരുന്ന ഉഴുന്നിന് 140 രൂപയുമായി. പയറിന് 130 രൂപയും കടലയ്ക്ക് 90 രൂപയുമാണ് വില. കാശ്മീരി മുളക് 650 - 700 രൂപയും പിരിയൻ മുളക് 360 രൂപയും സാദാ മുളക് 280 രൂപയ്ക്കുമാണ് വിൽപ്പന. നാടൻ വെളിച്ചെണ്ണയ്ക്ക് 290 മുതൽ 310 രൂപ വരെ നൽകണം. കവർ വെളിച്ചെണ്ണയ്ക്ക് 260 രൂപയും ലൂസ് വെളിച്ചെണ്ണയ്ക്ക് 240-250 രൂപയുമാണ് വില.
ലോഡിന് അനുസരിച്ച് വില
പച്ചക്കറി - പലവ്യഞ്ജന ലഭ്യതയിൽ കുറവില്ലെങ്കിലും ലോഡുകളുടെ അളവിനനുസരിച്ചാണ് പ്രതിദിന വില നിശ്ചയിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞാൽ മൈസൂർ, ഹൊസൂർ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ എത്തിച്ച് വിതരണം നിലനിറുത്തുമെന്ന് വ്യാപാരികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |