തുരുത്തിലെ കഞ്ചാവ് വില്പനക്കാരൻ പിടിയിൽ
Tuesday 26 May 2026 2:13 AM IST
ആലുവ: ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ - 59) റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെ പിടിയിലായി. ഇയാളിൽ നിന്നും 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാസഞ്ചർ ഓട്ടോറിക്ഷയിൽ തുരുത്ത് ഭാഗത്ത് പല സ്ഥലങ്ങളിലായി കൊണ്ടുനടന്ന് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ടുദിവസമായി നിരീക്ഷണത്തിലായിരുന്നു. ആലുവ, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.