145 കിലോയുള്ള ബാർബെൽ കഴുത്തിൽ വീണു; മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്
ബീജിംഗ്: ബെഞ്ച് പ്രസ് ചെയ്യുന്നതിനിടെ 145 കിലോഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിലേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ ഗ്വാങ്ഡോങ്ങിലുള്ള ജിമ്മിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ബെഞ്ച് പ്രസിലുള്ള തന്റെ മുൻകാല റെക്കോർഡുകൾ മറികടക്കുന്നതിനായാണ് യുവാവ് 145 കിലോഗ്രാം ഭാരം ഉയർത്താൻ ശ്രമിച്ചത്. എന്നാൽ, പാതി ഉയർത്തിയപ്പോൾതന്നെ കൈകൾ വിറയ്ക്കാൻ തുടങ്ങി. പിന്നാലെ ബാർബെൽ നെഞ്ചിലേക്ക് താഴ്ന്ന് കഴുത്തിലേക്ക് വീഴുകയായിരുന്നു. ഒരു നിമിഷം മരണവെപ്രാളത്തിൽ പിടഞ്ഞെങ്കിലും വശത്തേക്ക് ചരിഞ്ഞ് അവിടെയുണ്ടായിരുന്ന വിടവിലൂടെ തല പുറത്തെടുക്കുകയായിരുന്നു. ഈ സമയം മറ്റ് രണ്ട്പേർ ജിമ്മിനുളളിൽ ഉണ്ടായിരുന്നെങ്കിലും സംഭവം ഇരുവരുടെ ശ്രദ്ധയിൽപ്പെട്ടില്ല.
ജിമ്മിൽ പരിശീലനത്തിനെത്തുന്നവർക്ക് സമാനമായരീതിയിൽ അപകടങ്ങൾ സംഭവിക്കുന്ന വാർത്തകൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാർബെൽ നെഞ്ചിലേക്ക് വഴുതിവീണ് ബ്രസീലിയൻ സ്വദേശിയായ അമ്പത്തഞ്ചുകാരൻ മരിച്ചതായുള്ള വാർത്തകൾ പുറത്തുവന്ന് ഏതാനും മാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ വാർത്ത പുറത്തുവരുന്നത്. കൃത്യമായ മേൽനോട്ടത്തിലാകണം ജിമ്മുകളിൽ പരിശീലനം അനുവദിക്കേണ്ടതെന്നും അപകടസമയങ്ങളിൽ ആവശ്യമായ അപായസൂചനകൾ പ്രവർത്തിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.