അടിപ്പാതയ്ക്ക് ബദൽ സംവിധാനം, സ്ഥലം സന്ദർശിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ

Tuesday 26 May 2026 12:00 AM IST

ചാലക്കുടി: കോടതി ജംഗ്ഷനിലെ അടിപ്പാതയും സർവീസ് റോഡുകളും വീതി കൂട്ടി രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന പ്രവൃത്തികളുടെ മുന്നോടിയായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.അടിപ്പാതയുടെ ഫുട്പാത്ത്് വീതി കുറയ്ക്കുക, നാലിടങ്ങളിലും സ്ലാബ്്് മുറിച്ചു കളഞ്ഞ് ബെൽ മൗത്ത് ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിശോധിക്കലായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശന ലക്ഷ്യം. സർവീസ് റോഡുകളിലെ ഡ്രെയിനേജ് സ്ലാബുകളുടെ ഉയരം കുറച്ച് റോഡിന് സമമാക്കുന്ന കാര്യവും ഇവർ പരിശോധിച്ചു. ശനിയാഴ്ച നഗരസഭ ചെയർപേഴ്‌സൺ വിളിച്ചു ചേർത്ത സർവകക്ഷി യോഗ തീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥർ എത്തിയത്. ദേശീയപാത അധികൃതരുടെ അനുമതി ലഭിച്ചാൽ പ്രവൃത്തികൾക്ക് നഗരസഭ സഹായങ്ങൾ നൽകുമെന്ന് ചെയർപേഴ്‌സൺ ആലിസ് ഷിബു ഉദ്യോസ്ഥരോട് പറഞ്ഞു. സർവീസ് റോഡിൽ സിഗ്‌നൽ സ്ഥാപിക്കൽ, വൺവെ ഏർപ്പെടുത്തൽ എന്നീ നിർദ്ദേശങ്ങളും ചർച്ച ചെയ്തു. കൺസൾട്ടൻസി ടെക്‌നിക്കൽ സൂപ്പർവൈസർ പെച്ചി നാഥൻ, നിർമ്മാണ കമ്പനിയുടെ മെയിന്റനൻസ് മാനേജർ ടി.പി.സജി എന്നിവരായിരുന്നു നിരീക്ഷകർ. നഗരസഭ ചെയർപേഴ്‌സൻ ആലീസ് ഷിബു, വൈസ് ചെയർമാൻ കെ.വി.പോൾ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ആനി പോൾ, ജിയോ കിഴക്കുംതല, ഷിഫ സന്തോഷ്, ലിജി ജോജി, പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, കൗൺസിലർമാരായ വിൻസെന്റ് പാണാട്ട്പറമ്പിൽ, വൽസൻ ചമ്പക്കര, നിതിൻ പുല്ലൻ, വി.ജെ. ജോജി, കെ.ബി.ഉണ്ണിക്കൃഷ്ണൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.