തുവ്വൂർ കമാനം മേൽപ്പാലം തകർച്ച; അപകടക്കെണിയായി ബാരിക്കേഡ്
കാളികാവ്: രണ്ടാഴ്ച മുമ്പ് തകർന്നു വീണ തുവ്വൂർ കമാനം മേൽപ്പാലംമൂലം ദുരിതം തീരാതെ ഒരു നാട്. തകർന്ന പാലം ബലപ്പെടുത്താനായി അടച്ചതിനെ തുടർന്ന് രണ്ടാഴ്ചയോളമായി മേഖലയിലെ ഗതാഗതം താറുമാറായി. റോഡ് നിയന്ത്രിച്ച് ബാരിക്കേട് വെച്ചെങ്കിലും ബലപ്പെടുത്തുന്ന ജോലി തുടങ്ങിയിട്ടുമില്ല. ഉയരം കൂടിയതും ഭാരം ഏറിയതുമായ വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡിൽ സ്ഥാപിച്ച ബാരക്കേഡും ജനങ്ങൾക്ക് ഭീഷണിയായി. റെയിൽപാളം കൊണ്ട് നിർമ്മിച്ച അതിലെ ക്രോസ് ബാറും അടിക്കടി തകർന്നു വീഴുന്നത് വലിയ അപകട ഭീഷണിയായിട്ടുണ്ട്. നിയന്ത്രണങ്ങൾക്കായി സ്ഥാപിച്ച ഭാരമേറിയ ഇരുമ്പ് ഗർഡർ തിങ്കളാഴ്ച രാവിലെ ഒരു വാഹനത്തിന് മുകളിലേക്ക് പതിച്ചു.ബേക്കറി ഉത്പന്നങ്ങൾ വിതരണം ചെയ്യാനെത്തിയ മിനി വാനിന്റെ മുകളിലേക്കാണ് ക്രോസ് ബാർ തകർന്നു വീണത്. തിരക്കേറിയ സമയത്തുണ്ടായ അപകടം വലിയ ഭീതി പരത്തി. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായതും വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതും. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രോസ് ബാർ തകർന്നു വീഴുന്നത്. രണ്ട് നാലു ദിവസം മുൻപും സമാനമായ രീതിയിൽ മറ്റൊരു വാഹനത്തിന് മുകളിലേക്ക് ഇരുമ്പ് ഗർഡർ തകർന്നു വീണിരുന്നു. തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് കാരണം ബാരിക്കേഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണെന്ന് നാട്ടുകാരും ഡ്രൈവർമാരും ആരോപിക്കുന്നു.
അപകടം വിളിച്ചുവരുത്തണോ ഇരുമ്പ് ക്രോസ് ബാർ കൃത്യമായ രീതിയിൽ വെൽഡ് ചെയ്യുകയോ ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. നേരിയ ആഘാതം താങ്ങാൻ പോലും ഇതിന് ശേഷിയില്ല. ഗർഡർ വീണ് കഴിഞ്ഞാൽ, ഏത് വാഹനത്തിന് മുകളിലാണോ വീണത് ആ വാഹനത്തിലെ ഡ്രൈവറും ജീവനക്കാരും തന്നെ ഇത് സ്വന്തം ചെലവിലും അദ്ധ്വാനത്തിലും പൂർവസ്ഥിതിയിലാക്കി വെക്കണം എന്നതാണ് വ്യവസ്ഥ. കെട്ടിയുയർത്തുന്നത് വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്യും. മേൽപ്പാലം അടച്ചതു മൂലമുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് പുറമെയാണ് ബാരക്കേഡ് ഉണ്ടാക്കുന്ന പ്രതിസന്ധി. ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന യാത്രക്കാരും ദീർഘദൂര യാത്രക്കാരും ഇതുമൂലം വഴിയിൽ കുടുങ്ങുകയാണ്. ബസ് സർവ്വീസും ഓട്ടോ ടാക്സി സർവ്വീസും കടുത്ത പ്രതിസന്ധിയിലാണ്.കമാനത്തിന്റെ അറ്റകുറ്റപ്പണി എന്ന് തുടങ്ങുമെന്നോ എന്നു തീരുമെന്നോ എന്നുള്ള യാതൊരു വിവരവും ആർക്കുമില്ല. ഇനിൽ സ്കൂൾ തുറക്കുന്നതോടെ ഗതാഗത പ്രശ്നം രൂക്ഷമാകും.