ലിപ്‌സ്റ്റിക്ക് പോലും ഇടേണ്ട, ചുണ്ടുകൾ ഭംഗിയുള്ളതാക്കാം; ആഴ്‌ചയിൽ മൂന്ന് ദിവസം ഇങ്ങനെ ചെയ്‌തുനോക്കൂ

Tuesday 19 May 2026 12:10 PM IST

ശരിയല്ലാത്ത ആഹാരരീതി, ആരോഗ്യപ്രശ്‌നങ്ങൾ, പുകവലി എന്നിവയെല്ലാം കാരണമാണ് ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്‌ടപ്പെടുന്നത്. ഇടയ്‌ക്കിടെ ഉമിനീർ ഉപയോഗിച്ച് ചുണ്ട് നനയ്‌ക്കുന്നവർക്കും ഈ പ്രശ്‌നം വരാറുണ്ട്. ചുണ്ട് കറുക്കാൻ വളരെ എളുപ്പമാണെങ്കിലും പഴയ രീതിയിൽ നിറം വീണ്ടെടുക്കാൻ വളരെ പ്രയാസമാണ്. വിപണിയിൽ ലഭിക്കുന്ന ലിപ് ബാമുകളും ലിപ് സ്‌ക്രബുകളും താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുക. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ചുണ്ടിന് നിറം വർദ്ധിപ്പിക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കാപ്പിപ്പൊടി - 1 ടീസ്‌പൂൺ

നാരങ്ങാനീര് - കാൽ ടീസ്‌പൂൺ

വെളിച്ചെണ്ണ - അൽപ്പം

തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം

കാപ്പിപ്പൊടിയും നാരങ്ങാനീരും യോജിപ്പിച്ച് അതിലേക്ക് ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ കൂടി ചേർത്ത് യോജിപ്പിച്ച് ചുണ്ടിൽ പുരട്ടണം. പത്ത് മിനിട്ട് കഴിയുമ്പോൾ മൃദുവായി സ്‌ക്രബ് ചെയ്യുക. അഞ്ച് മിനിട്ട് സ്‌ക്രബ് ചെയ്‌ത ശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ മൂന്നോ നാലോ ദിവസം ഇത് ചെയ്യുക.

രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാമിന് പകരം അൽപ്പം നെയ്യ് ചുണ്ടിൽ പുരട്ടിക്കൊടുക്കുക. ഒരാഴ്‌ചകൊണ്ടുതന്നെ നിങ്ങളുടെ ചുണ്ടിന്റെ നിറം വർദ്ധിക്കുന്നത് കാണാനാകും. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ ലിപ്‌സ്റ്റിക്കിന്റെ ആവശ്യം പോലും വരില്ല. ചുണ്ടിന് വളരെ സ്വാഭാവികമായ ഇളം പിങ്ക് നിറം ലഭിക്കുന്നതാണ്.